എറണാകുളം: ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് കേസില്‍ അസ്ഫാക് ആലം കുറ്റക്കാരന്‍. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. കുട്ടികള്‍ക്കെതിരായ ബലാത്സംഗം, പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്കെതിരായ ബലാത്സംഗം, ആവര്‍ത്തിച്ചുള്ള ബലാത്സംഗം, കൊലപാതകം തുടങ്ങി ആകെ 16 കുറ്റങ്ങള്‍ ചുമത്തി 645 പേജുള്ള കുറ്റപത്രം ആണ് കോടതിയില്‍ സമര്‍പ്പിച്ചത്.
കേസില്‍ നൂറാം ദിവസമാണ് കോടതി വിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ 4നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്ത് 100 ദിവസത്തിനകം വിധി പറഞ്ഞ കേസുകള്‍ രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.
ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. പിറ്റേന്ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടി കൊല്ലപ്പെട്ട് മൂന്ന് മാസം പൂര്‍ത്തിയാകുമ്പോഴാണ് അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി കോടതി വിധി പ്രസ്താവിച്ചത്. 26 ദിവസം നീണ്ടുനിന്ന വിചാരണയില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും ഉള്‍പ്പെടെ 44 സാക്ഷികളെ വിസ്തരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. പ്രതി അസഫാഖ് ആലം സ്ഥിരം കുറ്റവാളിയാണെന്ന് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘം കൈമാറിയിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുക, ക്രൂരമായി ബലാത്സംഗം ചെയ്യുക, കൊലപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
ഇയാള്‍ ബിഹാര്‍ സ്വദേശി ആയതിനാല്‍ ദ്വിഭാഷിയുടെ സഹായത്തോടെയായിരുന്നു വിസ്താരം. ജൂലൈ 28 നാണ് ജ്യൂസ് വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയുമായി അസഫാഖ് ആലം കുട്ടിയുമായി ആലുവ മാര്‍ക്കറ്റിന് സമീപത്തുള്ള ഒഴിഞ്ഞ പ്രദേശത്തേക്ക് പോകുന്നത്. പിന്നീട് പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് 30 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.