KeralaNEWS

കോണ്‍ഗ്രസിന്റെ കക്ഷത്തിലുള്ള കീറസഞ്ചിയല്ല ലീഗ്; മുസ്ലിം ലീഗിനെ പുകഴ്ത്തി ‘കൊതി തീരാതെ’ ബാലന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിനെ പ്രശംസിച്ച് വീണ്ടും സി.പി.എം. രാജ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ അന്തസുള്ള സമീപനമാണ് ലീഗിനെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കക്ഷത്തിലുള്ള കീറസഞ്ചിയല്ല ലീഗെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

”രാജ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളില്‍ അന്തസുള്ള സമീപനമാണ് മുസ്ലിം ലീഗ് സ്വീകരിക്കാറുള്ളത്. രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ തങ്ങള്‍ക്ക് ലീഗുമായി അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ ജനങ്ങളെയും രാജ്യത്തെയും ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടതുപക്ഷവും സി.പി.എമ്മും സ്വീകരിക്കുന്ന സമീപനത്തോട് അനുകൂലമായ പ്രതികരണമാണ് ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറുള്ളത്.” -ബാലന്‍ പറഞ്ഞു.

Signature-ad

”പലസ്തീനുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ പരാമര്‍ശത്തെ തെറ്റായ രൂപത്തില്‍ പ്രചരിപ്പിക്കുന്നതിന് പ്രതിപക്ഷനേതാവ് ശ്രമിച്ചപ്പോള്‍ അതിനെതിരെ ശക്തമായ നിലപാടാണ് ലീഗ് സ്വീകരിച്ചത്. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞ കാര്യം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് പൊതുസമൂഹത്തിനോട് പറഞ്ഞ ലീഗിന്റെ സമീപനം ശ്ലാഘനീയമാണ്.

പലസ്തീന്‍ വിഷയത്തില്‍ നടത്തുന്ന റാലിയിലേക്ക് ക്ഷണിച്ചാല്‍ വരാന്‍ സന്നദ്ധമാണ് എന്ന് ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. പലസ്തീന്‍ വിഷയത്തിലെ കോണ്‍ഗ്രസിന്റെ സമീപനത്തോട് യോജിക്കാന്‍ കഴിയാത്ത സാഹചര്യം ലീഗിന് വന്നുചേര്‍ന്നുവെന്നത് രാഷ്ട്രീയപ്രാധാന്യമുള്ള വിഷയമാണ്.

എട്ട് ബില്ലുകള്‍ ഒരു കാരണവുമില്ലാതെ തടഞ്ഞുവച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്ക് അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ ലീഗിന്റെ അഭിപ്രായം ഇതിന് കടകവിരുദ്ധമാണ്” – അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് വിഷയത്തിലും കോണ്‍ഗ്രസിന്റെ നിലപാടിനോട് ലീഗിന് യോജിപ്പുണ്ടായിരുന്നില്ല. അന്നും സെമിനാറിന് ഞങ്ങള്‍ ലീഗിനെ ക്ഷണിച്ചതാണ്. യു.ഡി.എഫിലെ ഘടകകക്ഷി എന്ന നിലയില്‍ മുന്നണി തീരുമാനിച്ച കാര്യത്തിനെതിരായി എങ്ങനെ പ്രവര്‍ത്തിക്കുമെന്ന കാരണത്താലാണ് ലീഗ് അന്ന് സെമിനാറില്‍ പങ്കെടുക്കാതിരുന്നത്.

ഇന്ന് ആ സമീപനത്തില്‍ നിന്ന് മാറി ശക്തമായ തീരുമാനം അവര്‍ എടുത്തുകഴിഞ്ഞു. ഇത് കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. കോണ്‍ഗ്രസിന്റെ കക്ഷത്തിലുള്ള കീറസഞ്ചിയല്ല ലീഗെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: