IndiaNEWS

തെലങ്കാനയില്‍ 17 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം; ബിജെപി പ്രകടന പത്രിക സമിതി അധ്യക്ഷന്‍ കോണ്‍ഗ്രസിലേക്ക്

ഹൈദരാബാദ്: തെലങ്കാന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിക്കാന്‍ ഒരുങ്ങി സിപിഎം. കോണ്‍ഗ്രസുമായി സീറ്റുവിഭജനത്തില്‍ തീരുമാനമാകാതെ വന്നതോടെയാണ് സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഎം പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായി 17 സ്ഥാനാര്‍ത്ഥികളേയും സിപിഎം പ്രഖ്യാപിച്ചു. ഇന്ത്യാ സഖ്യത്തിലെ മറ്റൊരു ഇടത് അംഗമായ സിപിഐ തങ്ങളുടെ തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍ അറിയിക്കുമെന്നാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

പ്രതിപക്ഷ കക്ഷികള്‍ക്കിടയിലുള്ള ഐക്യമില്ലായ്മ്മ മുഖ്യഏതിരാളിയായ ബിആര്‍എസിന് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഔപചാരികമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചിരുന്നു. സീറ്റ് വിഭജനത്തില്‍ ഏറെ ദിവസങ്ങള്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ അവസാനഘട്ട സീറ്റ് നിര്‍ണയത്തിന് സിപിഎം കോണ്‍ഗ്രസിന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കകം സീറ്റ് നിശ്ചയിക്കാന്‍ സമയപരിധി നല്‍കിയിരുന്നു.

Signature-ad

വ്യാഴാഴ്ച ഉച്ചയായിട്ടും കോണ്‍ഗ്രസില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടാകാത്തതിനാല്‍ വൈകുന്നേരത്തോടെ സിപിഎം സംസ്ഥാനതല യോഗം ചേര്‍ന്ന് 24 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയും ഇടത് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന 17 സീറ്റുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

സിപിഎം തെലങ്കാന സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. അശ്വരോപേട്ട്, വൈര, പാലയര്‍, മധീര, ജനഗാവ്, പട്ടഞ്ചെരു, മുഷീറാബാദ്, മിരിയാലഗുഡ, നല്‍ഗൊണ്ട, നകിരേക്കല്‍, ഭുവനഗിരി, ഹുസൂര്‍നഗര്‍, കോദാഡ്, ജനഗാം, കോതഗുഡെം, ഇബ്രാഹിംപട്ടണം എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ഖമ്മം ജില്ലയിലെ സീറ്റുകളെ ചൊല്ലിയാണ് കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഇടതു പാര്‍ട്ടികള്‍ക്ക് ഏറെ വൈകാരികമായ മണ്ഡലങ്ങളാണ് ഖമ്മം ജില്ലയിലേത്.

സിപിഎം മൂന്ന് സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രണ്ട് സീറ്റുകള്‍ നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം. രണ്ട് സീറ്റുകള്‍ക്കായി സിപിഎം ധാരണയായിട്ടും കോണ്‍ഗ്രസ് സീറ്റുകള്‍ അന്തിമമാക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം ആരോപിച്ചു.

നേരത്തെ, മധ്യപ്രദേശിലും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സമാജ്വാദി പാര്‍ട്ടി സഖ്യത്തില്‍ നിന്നും പുറത്തുവരുന്നതായി വ്യക്തമാക്കിയിരുന്നു. അതേസമയം, തെരഞ്ഞെടുന്ന് നടക്കാനിരിക്കെ തെലങ്കാനവയില്‍ ബിജെപിക്ക് തിരിച്ചടിയായി മുന്‍ എംപി വിവേക് വെങ്കിടസ്വാമി പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബിജെപിയുടെ പ്രകടനപത്രിക സമിതിയുടെ അധ്യക്ഷനാണ് വിവേക്.

 

Back to top button
error: