KeralaNEWS

വേളി കായല്‍ ഗതിമാറി ഒഴുകുന്നു; തീരദേശത്ത് പരിഭ്രാന്തി

തിരുവനന്തപുരം: വേളി കായല്‍ ഗതിമാറി ഒഴുകുന്നു. അറബിക്കടലില്‍ ചേരുന്ന പൊഴിമുഖത്താണ് കായല്‍ ഗതിമാറി ഒഴുകുന്നത്. ഇതോടെ തീരദേശ ജനത പരിഭ്രാന്തിയിലായിരിക്കുകയാണ്. കായല്‍ ഗതിമാറി ഒഴുകുന്നത് പുതിയ പ്രതിഭാസമാണെന്ന് നാട്ടുകാര്‍ പറയുന്നു. മഴ ശക്തമായാല്‍ ഒഴുക്കില്‍ കടല്‍ഭിത്തി തകരുമോയെന്ന് ഇവരുടെ ഭയം.

തിരുവനന്തപുരത്തെ വെള്ളത്തില്‍ മുക്കി രണ്ടാഴ്ച മുന്‍പ് പെയ്ത മഴയാണ് വേളിയിലെ ജനവാസ മേഖലയ്ക്കും ദുരിതമായി മാറിയിരിക്കുന്നത്. മഴയില്‍ വേളി പൊഴി മുറിഞ്ഞിരുന്നതോടെ വെള്ളം കടലിലേക്ക് ഒഴുകിച്ചേരാന്‍ തുടങ്ങി. വലിയ അളവില്‍ കുതിച്ചെത്തിയ വെള്ളമാണ് പൊഴിയുടെ സ്ഥാനം മാറ്റിയത്.

Signature-ad

തീരത്ത് വലിയ മണല്‍ത്തിട്ട രൂപപ്പെട്ടതോടെ ഒരാഴ്ചയായി കായല്‍ വടക്കോട്ടു ഗതിമാറി ഒഴുകുകയാണ്. ഇങ്ങനെ തുടരുകയാണ് എങ്കില്‍ കടല്‍ഭിത്തിയുടെ അടിത്തട്ടിലെ കല്ലുകള്‍ ഒഴുകിപ്പോകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊഴി മുഖത്തെ മണല്‍ മാറ്റി ഒഴുക്ക് സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

10 വര്‍ഷം മുന്‍പും ഈ പ്രദേശത്ത് പൊഴി ദിശമാറി ഒഴുകിയിരുന്നു. അന്ന് റോഡും നിരവധി വീടുകളും നഷ്ടമായിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ പ്രദേശത്ത് സീവാള്‍ നിര്‍മിച്ചത്. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ സീവാളും തകരുമോ എന്ന ആശങ്കയുണ്ടെന്നും സര്‍ക്കാര്‍ ഉടനടി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Back to top button
error: