1956 നവംബർ 1-ന് ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകൃതമായത് മുതൽ 67 വർഷത്തിനുള്ളിൽ കൈവരിച്ച നേട്ടങ്ങൾ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയവയാണ്. കേരള മോഡൽ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിങ്ങനെ കേരളം കൈവരിച്ച നേട്ടങ്ങൾ വളരെ വലുതാണ്.
ഏതൊരു വികസിത രാജ്യവും കൈവരിക്കുന്നതിന് സമാനമായ നേട്ടങ്ങളാണ് കേരളം അടിസ്ഥാന സൗകര്യ വികസനത്തിൽ നേടിയെടുത്തിട്ടുള്ളത്. സാമൂഹിക വികാസത്തിലും വ്യാവസായിക മുന്നേറ്റത്തിലും നൂതനവിദ്യ രംഗത്തുമെല്ലാം സംസ്ഥാനം കൈവരിച്ച ഈ നേട്ടങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള വേദിയാണ് കേരളീയം.
ലോകം ചർച്ച ചെയ്ത കേരള മോഡൽ, കേരളത്തിന്റെ ഭാവി ആവശ്യങ്ങൾ, ഭാവി കേരളം എങ്ങനെ ആയിരിക്കണമെന്ന ആലോചനകൾ, കേരളത്തെ അതിന്റെ സാംസ്കാരികവും തന്മയ ഭാവത്തോടും കൂടെ അവതരിപ്പിക്കൽ തുടങ്ങി വിവിധോദ്ദേശങ്ങളോടെയാണ് കേരളീയം വികസന-സാംസ്‌കാരിക-സമ്മേളനം സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ വികസന മാതൃകകൾ ലോകത്തിനു മുമ്പാകെ അവതരിപ്പിക്കുന്നതിനൊപ്പം ലോക വൈജ്ഞാനിക രംഗത്തു നിന്ന് പുതിയ ആശയങ്ങൾ സ്വാംശീകരിക്കാനും പരിപാടി സഹായിക്കും.
എല്ലാ വർഷവും കേരള പിറവി ദിനത്തോടനുബന്ധിച്ചു ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷമായാണ് കേരളീയം വിഭാവനം ചെയ്തിട്ടുള്ളത്.ഇതിന്റെ ആദ്യ എഡിഷനാണ് ഇത്തവണത്തേത്. നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായാണ് കേരളീയം നടക്കുന്നത്.