കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വർഷത്തോടെ 10 മേഖലകളിൽ 100 ശതമാനം സ്വദേശിവത്കരണം കൈവരിക്കുമെന്ന് റിപ്പോർട്ട്. കുവൈത്തിവത്കരണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നും നീട്ടിവെക്കണമെന്നുമുള്ള നിരവധി സർക്കാർ ഏജൻസികളുടെ അഭ്യർത്ഥന സർക്കാർ ഇതിനകം തള്ളിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
പത്ത് മേഖലകൾ സമ്പൂർണമായി കുവൈത്തിവത്കരിക്കുകയും എല്ലാ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും സർക്കാർ ഏജൻസികളിലും പ്രവാസികളെ മാറ്റി പൗരന്മാരെ നിയമിക്കുകയും ചെയ്യും. ഐടി, മറൈൻ, മീഡിയ, പബ്ലിക്ക് റിലേഷൻസ്, തുടങ്ങിയ മേഖലകളിലാണ് അതിവേഗ നടപടികൾ പുരോഗമിക്കുന്നത്. സർക്കാർ മേഖലയിലെ കുവൈത്തികളും അല്ലാത്തവരുമായ ആകെ ജീവനക്കാരുടെ എണ്ണം ഏകദേശം 4,746,000 ആണ്. അതിൽ 76.0 ശതമാനവും കുവൈത്തികളാണ് എന്നാണ് കണക്കുകൾ.