CrimeNEWS

ആന്ധ്രയില്‍നിന്ന് ആഡംബരകാറില്‍ 25 ലക്ഷം രൂപയുടെ 60 കിലോ കഞ്ചാവുമായി പാഞ്ഞെത്തിയ സംഘത്തെ കൊരട്ടിയില്‍ ദേശീയപാത അടച്ചുകെട്ടി പൊലീസ് കുടുക്കി; ഒരാൾ അറസ്റ്റിൽ; രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു

തൃശൂര്‍: ആന്ധ്രയില്‍നിന്നും ആഡംബരകാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന കഞ്ചാവ് കൊരട്ടിയില്‍വച്ച് പോലീസ് പിടികൂടി. കാറിനകത്തുണ്ടായിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. തൃക്കാക്കര നോര്‍ത്ത് വട്ടേക്കുന്ന് സ്വദേശി പീച്ചിങ്ങപ്പറമ്പില്‍ വീട്ടില്‍ ഷമീര്‍ ജെയ്‌നു (41)വിനെയാണ് ചാലക്കുടി ക്രൈം സ്‌ക്വാഡും ഡാന്‍സാഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

കാറിനകത്തും ഡിക്കിയിലുമായി ഒളിപ്പിച്ചിരുന്ന 25 ലക്ഷത്തോളം വിലമതിക്കുന്ന 60 കിലോ കഞ്ചാവും പിടിച്ചെടുത്തു. ആന്ധ്രയില്‍നിന്നും വ്യാപകമായ രീതിയില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസക്കാലമായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊരട്ടിയില്‍വച്ച് പിടികടിയത്. കഞ്ചാവുമായി വന്ന കാറിനെ സംശയം തോന്നിയ പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ സംഘം അമിത വേഗതയില്‍ ദേശീയപാത വഴിയും ഇടവഴികള്‍ വഴിയും പാഞ്ഞെങ്കിലും കൊരട്ടിയില്‍ പൊലീസ് ദേശീയപാത അടച്ചുകെട്ടിയതോടെ കുടുങ്ങുകയായിരുന്നു.

Signature-ad

ഉത്സവ സീസണുകള്‍ മുന്നില്‍ കണ്ട് വിവിധ ജില്ലകളില്‍ വില്പന നടത്താനായി ആന്ധ്രയില്‍നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ ഡോറുകള്‍ക്കുള്ളിലും സീറ്റുകള്‍ക്കുള്ളിലും പ്രത്യേക അറകളിലുമൊക്കെയായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

Back to top button
error: