ന്യൂഡല്‍ഹി: മദ്യനയക്കേസിലെ ചോദ്യംചെയ്യലിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) മുന്പില് ഹാജരാകില്ല. പകരം, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പിയ്ക്കു വേണ്ടിയുള്ള പ്രചാരണത്തിനായി പോകുമെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹി ഓഫീസില്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് കെജ്രിവാളിനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായ സമന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഇ.ഡിയ്ക്ക് കത്ത് എഴുതുകയായിരുന്നു.
ഇന്ന് ഹാജരാകാതിരിക്കുന്ന സാഹചര്യത്തില്‍ കെജ്രിവാളിന് ഇ.ഡി. പുതിയ സമന്‍സ് അയച്ചേക്കുമെന്നാണ് സൂചന. അതേസമയം, കെജ്രിവാള് ഇന്ന് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പിയ്ക്കു വേണ്ടിയുള്ള പ്രചാരണത്തിനായി സംസ്ഥാനത്തേക്ക് പുറപ്പെടുമെന്നാണ് വിവരം.
ഇ.ഡിയുടെ നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നും ബി.ജെ.പിയുടെ നിര്‍ദേശാനുസരണമാണ് നടപടിയെന്നും കെജ്രിവാള് അന്വേഷണ ഏജന്‍സിക്ക് അയച്ച കത്തില്‍ പറയുന്നു. നോട്ടീസ് അടിയന്തരമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.