ലണ്ടന്‍: കനേഡിയന്‍ പഞ്ചാബി ഗായകന് ശുഭ്നീത് സിങ് (ശുഭ്) വീണ്ടും വിവാദത്തില്‍. ഇന്ദിരാ ഗാന്ധി വധം സൂചിപ്പിക്കുന്ന ഹൂഡി വസ്ത്രം വേദിയില്‍ ശുഭ് പിടിച്ചുനിന്നതാണു വിവാദമായത്. ഖലിസ്ഥാനികളെ പിന്തുണച്ചെന്നാരോപിച്ച് ശുഭിന്റെ ഇന്ത്യയിലെ സംഗീതപരിപാടികള്‍ നേരത്തെ റദ്ദാക്കിയിരുന്നു.
ഒക്ടോബര്‍ 29ന് ലണ്ടനിലെ സംഗീത പരിപാടിയിലായിരുന്നു വിവാദ സംഭവം. സദസ്സില്‍നിന്നു സമ്മാനമായി എറിഞ്ഞുകിട്ടിയ ഹൂഡി വേദിയില്‍ ശുഭ് തുറന്നു കാണിക്കുകയും തന്റെ ദേഹത്തോടു ചേര്‍ത്തു വയ്ക്കുകയുമായിരുന്നു. പഞ്ചാബിന്റെ ഭൂപടത്തിനൊപ്പം ഇന്ദിര വധിക്കപ്പെട്ട തീയതിയും ഹൂഡിയില്‍ ചിത്രീകരിച്ചിരുന്നെന്നാണ് ആരോപണം. ഇക്കാര്യങ്ങള്‍ ശുഭ് നിഷേധിച്ചു.
”ലണ്ടനിലെ ആദ്യ ഷോയില്‍ ധാരാളം വസ്ത്രങ്ങളും ആഭരണങ്ങളും ഫോണുകളും കാണികള്‍ സ്റ്റേജിലേക്ക് എറിഞ്ഞിരുന്നു. എന്താണ് എറിഞ്ഞതെന്നോ അതിലെന്താണ് എഴുതിയിരുന്നതെന്നോ ശ്രദ്ധിച്ചില്ല. ഞാനെന്തു ചെയ്താലും അതെല്ലാം ചിലയാളുകള്‍ എനിക്കെതിരായി ചിത്രീകരിക്കുകയാണ്.” ശുഭ് പ്രസ്താവനയില്‍ വ്യക്തമാക്കി. നേരത്തേ ജമ്മു കശ്മീര്‍, പഞ്ചാബ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയില്ലാത്ത ഇന്ത്യയുടെ ഭൂപടം ശുഭ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതു വിവാദമായിരുന്നു.
വിവാദ ഹൂഡി കയ്യില്പിടിച്ചു നില്ക്കുന്ന വീഡിയോ വൈറലാണ്. ഇന്ത്യാവിരുദ്ധ സന്ദേശം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശുഭ് ഇങ്ങനെ ചെയ്തതെന്നാണ് ഒരു വിഭാഗം പറയുന്നത്. ബോളിവുഡ് താരം കങ്കണ റാണാവത്ത് ഉള്പ്പടെടയുള്ളവര് ശുഭിനെ വിമര്‍ശിച്ച് രംഗത്തെത്തി.