തിരുവനന്തപുരം: കേരളീയത്തിനായി സര്‍ക്കാര്‍ കോടികള്‍ പൊടിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് പെന്ഷന് മുടങ്ങിയിട്ട് മൂന്ന് മാസമാകുന്നു. ആറാം തീയതിക്കകം രണ്ടു മാസത്തെ പെന്ഷന് വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിട്ടുണ്ട്. അല്ലാത്തപക്ഷം ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം.
ട്രാന്‍സ്പോര്‍ട്ട് പെന്‍ഷനേഴ്സ് ഫ്രണ്ടെന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ മാസവും എട്ടാം തീയതി പെന്ഷന് വിതരണം ചെയ്യണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാത്തതിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് പെന്ഷന് ആറിന് വിതരണം ചെയ്യാന്‍ ഉത്തരവായത്.
ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം വിശ്രമ ജീവിതം നയിക്കേണ്ട വയോധികര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ തളര്‍ന്നിരിക്കുകയാണ്. 45,000 ത്തോളം വരുന്ന കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍കാര്‍ നയാ പൈസ ലഭിക്കാതെ ദുരിതത്തിലാണ്. പ്രതിഷേധവുമായി ഇതാദ്യമല്ല ഇവര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുന്നത്. 70 കോടി രൂപ വേണം പെന്ഷന് നല്കാന്. സഹകരണ കണ്‍സോര്‍ഷ്യം വഴി വിതരണം ചെയ്തത് നിലച്ചതോടെ കുറച്ചുനാളായി സര്‍ക്കാരാണ് പെന്ഷന് വിതരണം ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ എല്ലാം നിന്നു. പെന്ഷന് നിരക്ക് പരിഷ്ക്കരിക്കണമെന്ന ആവശ്യവും ഇവര്‍ക്കുണ്ട്.