ബംഗളൂരു: പാഴ്സല്‍ വഴി ലഹരിമരുന്ന് അയച്ചതായി ആരോപിച്ച് 62 വയസുകാരിയായ ബംഗളൂരു സ്വദേശിനിയെ ഭീഷണിപ്പെടുത്തി ഓണ്‍ലൈന്‍ തട്ടിപ്പു സംഘം 13 ലക്ഷം രൂപ കവര്‍ന്നതായി പരാതി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുറിയര്‍ സ്ഥാപനത്തിലെ പ്രതിനിധികളെന്നു പരിചയപ്പെടുത്തി തട്ടിപ്പു സംഘം ഇവരെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
തായ്ലന്ഡിലേക്ക് ഇവര്‍ അയച്ച പാഴ്സലില്‍നിന്നു ലഹരിമരുന്ന്, 8 പാസ്പോര്‍ട്ട്, 5 ക്രെഡിറ്റ് കാര്‍ഡ് എന്നിവ കസ്റ്റംസ് പിടിച്ചെടുത്തതായി സംഘം അവകാശപ്പെട്ടു.
എന്നാല്‍, താന്‍ പാഴ്സലൊന്നും അയച്ചിരുന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കിയെങ്കിലും ആധാര്‍ കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും കേസ് ഒതുക്കാന്‍ 13 ലക്ഷം രൂപ നല്‍കണമെന്നും സംഘം ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ നിര്‍ദേശിച്ച അക്കൗണ്ടിലേക്കു പണം നല്‍കിയതിനു പിന്നാലെ ഫോണ്‍ ഉള്‍പ്പെടെ പ്രവര്‍ത്തനരഹിതമായി.