തിരുവനന്തപുരം: പെരുമാതുറ മാടന്‍വിളയില്‍ ബോംബെറിഞ്ഞ സംഘത്തിലെ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ചിറയന്‍കീഴ്, ആറ്റിങ്ങല്‍ സ്വദേശികളാണ് കസ്റ്റഡിയിലുള്ളവര്‍. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണ്.
തിങ്കളാഴ്ച രാത്രിയാണ് പെരുമാതുറയില്‍നിന്ന് ചിറയന്‍കീഴിലേക്കുള്ള വഴിയിലുള്ള വീടുകള്‍ക്കും യുവാക്കള്‍ക്കും നേരെ ബോംബേറുണ്ടായത്. മാരകായുധങ്ങളുമായി പത്തരയോടുകൂടി കാറിലെത്തിയ നാലംഗ സംഘമാണ് മാടന്‍വിള ജങ്ഷനില്‍ നിന്നവര്‍ക്കുനേരേയും വീടുകളിലേക്കും നാടന്‍ ബോംബെറിഞ്ഞത്. ഇവര്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഭീഷണി മുഴക്കുകയും ഒരു കാറിന്റെ ഗ്ലാസ് പൊട്ടിക്കുകയും ചെയ്തു.
അക്രമത്തില്‍ രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. മാടന്‍വിള സ്വദേശികളായ അര്‍ഷിത്, ഹുസൈന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുണ്ടായി. മൂന്നു വീടുകളുടെ ചില്ലുകള്‍ ബോംബേറില്‍ തകര്‍ന്നു.
എന്തിനുവേണ്ടിയാണ് പ്രതികള്‍ ഇത്തരമൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് വ്യക്തമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നുണ്ട്. മയക്കുമരുന്ന് ലോബിയാണ് അക്രമത്തിന് പിന്നില്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്ഥലത്ത് തര്‍ക്കമുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.