മുബൈ: മറാത്ത സംവരണ പ്രക്ഷോഭകര്‍ എംഎല്‍എയുടെ വീട് കത്തിച്ചു. ബീഡിലെ എംഎൽഎയും എൻസിപി നേതാവുമായ പ്രകാശ് സോളങ്കിയുടെ വീടാണ് ആക്രമിച്ചത്. മറാത്താ സംവരണ പ്രക്ഷോഭകർ വീട് തല്ലി തകർത്ത ശേഷം തീയിടുകയായിരുന്നു. എംഎൽഎയും ബന്ധുക്കളും വീട്ടിലുണ്ടായിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. നൂറുകണക്കിന് പ്രക്ഷോഭകര്‍ വീടിന് മുന്നിലെത്തി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഏതാനം പൊലീസുകാര്‍ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. പൊലീസ് നോക്കി നില്‍ക്കെ പ്രക്ഷോഭകര്‍ ഗേറ്റ് തകര്‍ത്ത് കടന്നശേഷം വീട്ടിലേക്ക് കല്ലെറിയുകയായിരുന്നു. വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അടിച്ചുതകര്‍ത്തു. വീടിന്റെ ജനല്‍ ചില്ലുകളും മറ്റും തകര്‍ത്തശേഷമാണ് തീയിട്ടത്.
ഇതിനിടെ, മറാത്ത സംവരണ സമരം തെറ്റായ ദിശയിലാണെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് ഉണ്ടോയെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലെ ചോദിച്ചു. മഹാരാഷ്ട്രയില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ജനപ്രതിനിധികളുടെ വീടിനുനേരെ ഉള്‍പ്പെടെ ആക്രമണം നടന്നിട്ടും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് ആരോപണം.