ശ്രീനഗര്‍: ശ്രീനഗറില്‍ കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു. മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ഇന്‍സ്പെക്ടര്‍ മസ്റൂര്‍ അഹമ്മദ് വാനിക്ക് നേരെ ഭീകരര്‍ വെടിവെച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ശരീരത്തില്‍ ഒന്നിലധികം വെടിയുണ്ടകളേറ്റിട്ടുണ്ട്. അക്രമം നടന്ന ഉടന്‍ തന്നെ വാനിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചതായി കശ്മീര്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
ഭീകരാക്രമണമുണ്ടായ സാഹചര്യത്തില്‍ പോലീസും അര്‍ധസൈനിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമികള്‍ക്കായുള്ള തിരച്ചിലും പ്രദേശത്ത് പുരോഗമിക്കുന്നുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തിട്ടുണ്ട്. വടക്കന്‍ കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ നടത്തിയ ശ്രമം സൈന്യം പരാജയപ്പെടുത്തി മൂന്ന് ദിവസത്തിന് ശേഷമാണ് ആക്രമണമുണ്ടാകുന്നത്. അഞ്ച് ലഷ്കര്‍-ഇ-തൊയ്ബ ഭീകരരെ സൈന്യം അന്ന് വധിച്ചിരുന്നു.