IndiaNEWS

മധ്യപ്രദേശില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ ബിജെപി വിട്ടു

ഭോപാല്‍: ബിജെപി കേന്ദ്ര നേതൃത്വവുമായി കലഹിച്ച് മധ്യപ്രദേശില്‍ ജബല്‍പുര്‍ സിറ്റി അധ്യക്ഷന്‍ പ്രഭാത് സാഹു രാജിവച്ചു. പാര്‍ട്ടിയിലെ തര്‍ക്കം തീര്‍ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നേരിട്ടെത്തി യോഗം നടത്തിയതിന്റെ തൊട്ടുപിന്നാലെയാണ് രാജി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വിശ്വസ്തനാണ് പ്രഭാത് സാഹു. ഈ മാസം 21ന് പാര്‍ട്ടി ഓഫീസില്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നേതൃത്വം തയാറായില്ലെന്നു സാഹു ആരോപിച്ചു.

ജബല്‍പുരിലെ നോര്‍ത്ത് സെന്‍ട്രല്‍ സീറ്റ് ആവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ 21ന് കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിനെ തടഞ്ഞുവയ്ക്കുകയും സുരക്ഷാഭടനെ ആക്രമിക്കുകയും ചെയ്തിരുന്നു. നടപടി സ്വീകരിക്കുന്നതിനു പകരം അക്രമം ആസൂത്രണം ചെയ്ത നേതാവിന് അമിത്ഷാ കാണാന്‍ സമയം അനുവദിച്ചത് തന്നെ ഞെട്ടിച്ചെന്നും ശിവരാജ് സിങ് ചൗഹാനോട് എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ടെന്നും സാഹു പറഞ്ഞു.

Signature-ad

അതേസമയം, ജബല്‍പുര്‍ വെസ്റ്റിലോ നോര്‍ത്ത് സെന്‍ട്രലിലോ സാഹു സീറ്റ് പ്രതീക്ഷിച്ചിരുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Back to top button
error: