CrimeNEWS

കളമശേരിയിലേത് ബോംബാക്രമണമെന്ന് സ്ഥിരീകരിച്ച് പോലീസ്; സ്ഫോടനത്തിന് ഉപയോഗിച്ചത് IED

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായത് ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഐ.ഇ.ഡി വസ്തുവാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കുവെന്നും ഡിജിപി വ്യക്തമാക്കി.

നടന്നത് ബോംബ് സ്ഫോടനമാണെന്നതിന്റെ എല്ലാ തെളിവുകളും സംഭവസ്ഥലത്തുനിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്. കണ്‍വെന്‍ഷന്‍ സെന്ററിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

Signature-ad

യഹോവ സാക്ഷികളുടെ സമ്മേളന വേദിയെ ബോംബ് ആക്രമണത്തിന് തിരഞ്ഞെടുത്തതില്‍ പ്രത്യേക ലക്ഷ്യമുണ്ടെന്ന വിലയിരുത്തലിലേക്കും പോലീസ് എത്തിയിട്ടുണ്ട്. ഭീകരാക്രമണ സാധ്യതയും പോലീസ് തള്ളിയിട്ടില്ല. സ്ഫോടനം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തേയും നിയോഗിച്ചു.

എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും സംസ്ഥാനത്തെ ഉന്നത പോലീസ് സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ പത്ത് മണിയോടെ കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മുപ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

 

Back to top button
error: