ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയനായ ഒരു നടനാണ് വിനായകന്‍. കഴിഞ്ഞകാലങ്ങളില്‍ പല വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇതിന്റെ പേരില്‍ ഒരു വ്യക്തിയോട് തട്ടിക്കയറാനോ അപമര്യാദയായി പെരുമാറാനോ പോലീസിന് അധികാരമില്ല. നടന്‍ ചോദിച്ച ചോദ്യങ്ങള്‍ ഏതു പൗരനും ചോദിക്കേണ്ട ചോദ്യമാണ്. ഇതിനുള്ള പ്രതികരണമായി വ്യക്തിയോട് കയര്‍ക്കാനും ഉദ്യോഗസ്ഥന് അധികാരമില്ല.
വീട്ടില്‍ മഫ്തിയിലെത്തിയ വനിതാ പോലീസുകാരോട് ഐഡി കാര്‍ഡ് ചോദിക്കാന്‍ നടന് അവകാശമുണ്ട്. ഐഡി കാര്‍ഡ് കാണിച്ചുകൊടുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വവുമാണ്. ഐഡി കാര്‍ഡിനെക്കുറിച്ച് ചോദിച്ചാല്‍ അതു ചോദിക്കാന്‍ നീയാരടാ എന്ന് തിരിച്ചു ചോദിക്കുന്ന പോലീസുകാരന്‍ ആ ജോലിക്ക് അര്‍ഹനല്ല. പൗരന്റെ സുരക്ഷയാണ് പോലീസിന്റെ ജോലി. ആ ജോലി നിര്‍വഹിക്കാന്‍ വീഴ്ചവരുത്തിയിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകണം എന്നു തന്നെയായിരുന്നു സമൂഹത്തിലെ നാനാതുറകളിലുള്ളവരുടെയും ആവശ്യം.
വിനായകന്‍ ഏതെങ്കിലും രീതിയില്‍ തെറിവാക്കുകള്‍ പോലീസിനെതിരെ പറയുന്നത് പുറത്തുവന്ന വീഡിയോകളിലില്ല. അതേസമയം, വിനായകനോട് ശബ്ദമുയര്‍ത്തി നീ എന്നും എടാ എന്നുമുള്ള വാക്കുകളുപയോഗിച്ച് പോലീസ് കയര്‍ത്തു സംസാരിക്കുന്നത് കേള്‍ക്കാം. വിനായകന്‍ ഒരു കേസിലും പ്രതിപോലുമല്ലെന്നിരിക്കെ സ്‌റ്റേഷനിലെത്തുന്ന വ്യക്തിയോട് അപമര്യാദയായി പെരുമാറാന്‍ പോലീസിന് ആരാണ് അധികാരം നല്‍കിയെന്നായിരുന്നു ബഹുഭൂരിപക്ഷം പേരുടെയും ചോദ്യം.