ഒരു കാലത്ത് ലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട പേരുകളിലൊന്നായിരുന്നു മൊസാബിന്റേത്.സ്വന്തം പിതാവുള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ അദ്ദേഹം ഗ്രീൻ പ്രിൻസ് എന്നാണറിയപ്പെടുന്നത്. ഹമാസിന് വേണ്ടി നിലകൊണ്ടിരുന്ന അച്ചടക്കമുള്ള മകനില്‍ നിന്നും ഗ്രീൻ പ്രിൻസ് ആയി മാറിയ മൊസാബിന്റെ ജീവിതം തികച്ചും സംഘര്‍ഷഭരിതമായിരുന്നു.
1978 മെയ് അഞ്ചിന് ജെറുസലേമിന് 10 കിലോമീറ്റര്‍ മാറി പാലസ്തീൻ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന റാമല്ല നഗരത്തിലായിരുന്നു മൊസാബിന്റെ ജനനം. ഇസ്രായേലിലെ ജയിലുകളില്‍ വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞ ഹമാസ് ഭീകരൻ ഷെയ്ഖ് ഹസ്സൻ യൂസഫിന്റെ മകൻ. 5 സഹോദരന്മാരും മൂന്ന് സഹോദരിമാരുമുള്ള മൊസാബ്. ഹമാസ് നേതാവിന്റെ മൂത്ത മകനായി ജനിച്ച അവൻ മറ്റ് പാലസ്തീൻ കുട്ടികളെ പോലെ തന്നെ വളര്‍ന്നു. ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത് ഇസ്രായേലില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് നേരെ കല്ലെറിഞ്ഞതിനായിരുന്നു. തുടര്‍ന്ന് പലപ്പോഴായി മറ്റ് പല കുറ്റകൃത്യങ്ങള്‍ക്കും അറസ്റ്റിലായി. പലതവണ ഇസ്രായേലിലെ ജയിലില്‍ കിടന്നു. എല്ലാം തന്റെ പിതാവിന്റെ മതപ്രസ്ഥാനമായ ഹമാസിന് വേണ്ടി. ഒടുവില്‍ ഷെയ്ഖ് ഹസ്സന്റെ മൂത്തമകൻ ഹമാസിന്റെ അവിഭ്യാജ ഘടകമായി മാറി.
എന്നാല്‍ 1990കളുടെ മധ്യത്തില്‍ ഹമാസിന്റെ ക്രൂരതകള്‍ മൊസാബിന്റെ ഉറക്കം കെടുത്താൻ തുടങ്ങി. നൂറുക്കണക്കിന് ഇസ്രായേലി തടവുകാരെ അതിക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ മൊസാബിന് പുനര്‍വിചിന്തനം നടത്താൻ പ്രേരിപ്പിച്ചു. നഖങ്ങള്‍ക്കിടയില്‍ സൂചികള്‍ തിരുകി കയറ്റിയും പ്ലാസ്റ്റിക്കുകള്‍ക്കൊപ്പം കൂട്ടിയിട്ട് കത്തിച്ചും പീഡിപ്പിക്കപ്പെടുന്ന ഇസ്രായേലികളുടെ നിലവിളികള്‍ മൊസാബിന് കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ 1990ലാണ് മൊസാബ് ഇസ്രായേലിലെ ഷിൻ ബെറ്റ് ഏജന്റുമാരുടെ തടവിലാകുന്നത്. ഹമാസിന്റെ പല പ്രവൃത്തികളോടും മൊസാബിനുള്ള എതിര്‍പ്പ് മനസിലാക്കിയ ഷിൻ ബെറ്റ് ഒടുവില്‍ അദ്ദേഹത്തിന് ഒരു ഓഫര്‍ നല്‍കി. ചാരനാകാനുള്ള ആ ഓഫര്‍ മൊസാബ് ഒടുവില്‍ സ്വീകരിച്ചു.
1997ല്‍ ജയില്‍ മോചിതനായത് മുതല്‍ ഷിൻ ബെറ്റിന്റെ ഏറ്റവും വിശ്വസ്തരായ ചാരന്മാരില്‍ ഒരാളായി മൊസാബ് മാറി. അവൻ ഇസ്രായേലിന് നല്‍കിയ രസഹ്യ വിവരങ്ങള്‍ വഴി ഹമാസിന്റെ നിരവധി സെല്ലുകളെ തുറന്നുകാട്ടാനും ജൂതര്‍ക്കെതിരായ നിരവധി കൊലപാതക ശ്രമങ്ങള്‍ തടയാനും സഹായിച്ചു. ഇതോടെ ഹമാസിന്റെ സഹസ്ഥാപകന്റെ മകനെന്ന നിലയില്‍ അദ്ദേഹത്തിന് ‘ഗ്രീൻ പ്രിൻസ്’ എന്ന പേര് ലഭിച്ചു.
തുടര്‍ന്ന് 2007 വരെ ഇസ്രായേലിന് വേണ്ടി ദീര്‍ഘകാലം ചാരനായി പ്രവര്‍ത്തിച്ചു. ഇസ്രായേല്‍ പ്രസിഡന്റിനെ വധിക്കാനുള്ള 2001ലെ ഹമാസ് ഗൂഢാലോചന പരാജയപ്പെടുത്തുന്നത് ഉള്‍പ്പടെ അദ്ദേഹത്തിന്റെ വിജയമായാണ് കണക്കാക്കുന്നത്. മൊസാബ് പങ്കുവച്ച വിലപ്പെട്ട വിവരങ്ങള്‍ പ്രകാരം ഇസ്രായേലിലെ വിവിധയിടങ്ങളില്‍ നടക്കാനിരുന്ന ചാവേര്‍ സ്ഫോടനങ്ങളും മറ്റ് ഭീകരാക്രമണ പദ്ധതികളും തടയാൻ കഴിഞ്ഞിട്ടുണ്ട്.
ഇതിനിടെ മൊസാബ് ഒരു ബ്രിട്ടീഷ് മിഷനറിയെ കണ്ടുമുട്ടുകയും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. പിന്നീട് 2007ല്‍ വെസ്റ്റ് ബാങ്ക് വിട്ട് അദ്ദേഹം അമേരിക്കയിലേക്ക് കടന്നു. 2008ല്‍ ക്രിസ്തുമതം സ്വീകരിച്ചത് പരസ്യമായി വെളിപ്പെടുത്തി. മിഡില്‍ ഈസ്റ്റില്‍ സമാധാനം കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 2010 മാര്‍ച്ചില്‍ സണ്‍ ഓഫ് ഹമാസ് എന്ന പേരില്‍ മൊസാബ് തന്റെ ആത്മകഥ പുറത്തിറക്കി. സണ്‍ ഓഫ് ഹമാസ് : എ ഗ്രിപ്പിംഗ് അക്കൗണ്ട് ഓഫ് ടെറര്‍, ബിട്രയല്‍, പൊളിറ്റിക്കല്‍ ഇൻട്രിഗ്, ആൻഡ് അണ്‍തിങ്കബിള്‍ ചോയ്‌സസ് എന്ന പേരിലായിരുന്നു ആത്മക്കഥ പുറത്തിറങ്ങിയത്. 2014ല്‍ നദവ് ഷിര്‍മാന്റെ സംവിധാനത്തില്‍ ‘ഗ്രീൻ പ്രിൻസ്’ എന്ന പേരില്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററിയും മൊസാബിന്റെ ജീവിതം തുറന്നുകാട്ടുന്നതായിരുന്നു.