NEWSWorld

അതിശക്തരായ ഇസ്രയേലിനെ വെല്ലുവിളിക്കാന്‍ മാത്രം ഹമാസിനെ ശക്തരാക്കുന്നത് എന്താണ് ?

ഗാസ: അതിശക്തരായ ഇസ്രയേലിനെ വെല്ലുവിളിക്കാന്‍ മാത്രം ഹമാസിനെ ശക്തരാക്കുന്നത് എന്താണ്. അതിന് ഉത്തരം ഒന്നേയുള്ളു തുരങ്ക ശക്തി. അതെ ഗാസയില്‍ നിന്നും അസംഖ്യം തുരങ്കങ്ങൾ നീളുന്നത് ഇസ്രായേല്‍ മണ്ണിലേക്കാണ്.

ഇസ്രയേല്‍ കര,കടല്‍,ആകാശം വഴി ആക്രമണം നടത്തുമ്ബോള്‍ ഹമാസ് ഭൂമിക്കടിയിലൂടെ ഇസ്രയേലിനോട് യുദ്ധം ചെയ്യുന്നു. ഗാസ മെട്രോ എന്നാണ് ഇസ്രയേല്‍ ഈ തുരങ്കങ്ങളെ വിശേഷിപ്പിക്കുന്നത്. കീരിയുടെ മാളം പോലെ ഇടുങ്ങിയ തുരങ്കങ്ങള്‍. അതിലൂടെ ഇരുന്നും കിടന്നും നൂഴ്ന്നു പോകുന്ന ഹമാസ് പോരാളികളുടെ ലക്ഷ്യം ഇസ്രയേല്‍ മണ്ണിലേക്ക് ചെന്നെത്തുക എന്നത് മാത്രം.

വന്‍ സൈനിക ശക്തിയുണ്ട്, ആയുധപ്പുരയില്‍ ലോകം തകര്‍ക്കാന്‍ ശേഷിയുള്ള വജ്രായുധങ്ങളുണ്ട്. ലോകത്തിലെ രണ്ടാമത്തെ ചാരസംഘടന മൊസാദിന്റെ കൂട്ടുണ്ട്. അമേരിക്കയെന്ന ലോക ശക്തിയുടെ പിന്തുണയുണ്ട്.എന്നിട്ടും ഇസ്രയേലിന് ഹമാസിനെ ഇത്രകാലമായും തകർക്കാൻ പറ്റാത്തതിന് പിന്നിൽ ശരീരത്തിലെ നാഡി ഞരമ്പുകൾ പോലെ കിടക്കുന്ന ഈ‌ തുരങ്കങ്ങൾ ഒന്നുകൊണ്ടു മാത്രമാണ്.

Signature-ad

ഭൂഗര്‍ഭത്തിലെ തുരങ്ക ശൃംഖലയാണ് ഹമാസിന്റെ യുദ്ധസാമ്രാജ്യം. വന്‍ ആയുധ ശേഖരവും കമാന്‍ഡ് സെന്ററുകളും അടങ്ങിയ ഒരു ഭൂഗര്‍ഭ സൈനികത്താവളം. 41കി.മീറ്റര്‍ നീളവും 10 കി. മീറ്റര്‍ വീതിയും മാത്രമുള്ള ഗാസയില്‍ മൊത്തം 500 കിലോമീറ്റര്‍ നീളമുള്ള 1300 തുരങ്കങ്ങളുണ്ട്! ചില തുരങ്കങ്ങള്‍ 230 അടി വരെ ആഴത്തില്‍ ഉള്ളതാണ് ..ചില തുരങ്കങ്ങള്‍ ഭൂമിക്കടിയിലേക്ക് 70 മീറ്റര്‍ വരെ താഴ്ചയിലാണ് .. മിക്കതിനും രണ്ടു മീറ്റര്‍ ഉയരവും രണ്ടു മീറ്റര്‍ വീതിയും. കീരിയുടെ മാളം പോലെ ഇടുങ്ങിയ തുരങ്കങ്ങളുമുണ്ട്. ഇതിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഹമാസ് പോരാളികളെ പിടികൂടുക എന്നത് ഇസ്രായേല്‍ സൈന്യത്തിന് അത്രയെളുപ്പമല്ല.തന്നെയുമല്ല ഇവർക്ക് വേണ്ട ആയുധങ്ങളും മറ്റും ഇറാൻ ഉൾപ്പടെയുള്ള രാജ്യങ്ങൾ നിർലോഭം എത്തിക്കുന്നുമുണ്ട്.ഹമാസിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സ് ഖത്തറാണെന്നാണ് വിവരം.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഹമാസിന്റെ യഥാര്‍ത്ഥ ഗാസ ഭൂമിക്കടിയിലാണ്. ഭൂമിക്കു മുകളില്‍ സിവിലിയന്മാരും, അവരുടെ കാല്‍ക്കീഴില്‍ ഭൂമിക്കടിയിലെ തുരങ്കങ്ങളില്‍ ഹമാസ് പോരാളികളും.അതിനാൽ തന്നെ ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിലേറയും സിവിലിയൻമാരാണ്.ഇത് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇരവാദം ഉയർത്താനും ഹമാസിനെ സഹായിക്കുന്നുണ്ട്.

ഗാസയില്‍ സാധാരണക്കാരായ ലക്ഷക്കണക്കിന് മനുഷ്യരുണ്ട്. ഒരു കണക്കിന് പറഞ്ഞാല്‍ ഈ സാധാരണക്കാരെ ഇരകളാക്കുകയാണ് ഹമാസ്. ഇസ്രയേലിന്റെ യുദ്ധം ബാധിക്കുന്നത് ഭൂമിക്കടിയിലുള്ള ഹമാസ് പോരാളികളേക്കാള്‍ ഗാസയിലെ ജനത്തെയാണ്. എവിടെയൊക്കെ തുരങ്കങ്ങളുണ്ട് ഇതിന്റെ കവാടം അതിനുള്ളില്‍ എത്രപേരുണ്ട് ഒന്നും ഇസ്രയേല്‍ സേനയ്ക്ക് അറിയില്ല. തുരങ്കങ്ങളിലേക്കു നൂഴ്ന്നിറങ്ങാന്‍ ഭൂമിക്കു മുകളില്‍ ഡസന്‍ കണക്കിന് സുരക്ഷിത കവാടങ്ങളുണ്ട്. വീടുകള്‍ക്കും ബഹുനില മന്ദിരങ്ങള്‍ക്കും പള്ളികള്‍ക്കും സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും മറ്റും അടിയിലാണ് ഈ വാതിലുകള്‍ …

ഇത്തവണ ഇസ്രയേലിലേക്ക് ഹമാസ് റോക്കറ്റുകള്‍ തൊടുത്തു വിട്ടത് യു.എന്‍. കേന്ദ്രം, സ്‌കൂള്‍, പള്ളി, കിന്റര്‍ ഗാര്‍ട്ടന്‍ എന്നിവയ്ക്കു സമീപത്തു നിന്നാണ്. ഇവിടെയെല്ലാം  പെട്ടെന്ന് എത്തിക്കാന്‍ പാകത്തിലാണ് തുരങ്കങ്ങള്‍. അതുകൊണ്ടാണ് ഇസ്രയേല്‍ ഈ കെട്ടിടങ്ങള്‍ തകര്‍ക്കുന്നത്. യു. എന്‍ കേന്ദ്രവും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു . അതേസമയം ഗാസ മുനമ്ബിലേക്ക് ഇസ്രയേലി ആക്രമണം ഉണ്ടായാല്‍ ഈ തുരങ്കങ്ങളിലൂടെ സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കാന്‍ ഹമാസ്‌പോരാളികള്‍ക്ക് കഴിയും. വന്‍ ശക്തിയെന്ന് പറയുമ്ബോഴും ഇസ്രയേല്‍ നിഷ്പ്രഭമായി പോകുന്നത് ഇവിടെയാണ്.

Back to top button
error: