കൊച്ചി: കെട്ടിട ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസ് കേസില്‍ പെട്ട സി.പി.എം. ബ്രാഞ്ച് അംഗത്തെ പാര്‍ട്ടി പുറത്താക്കി. കാക്കനാട് സ്വദേശിയായ ശ്യാംകുമാറിനെയാണ് തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി തീരുമാനപ്രകാരം സി.പി.എം. പുറത്താക്കിയത്. എളമക്കര ചൈതന്യ ലെയ്നില്‍ ജഗനം വീട്ടില്‍ ശ്രീനിവാസന്റെ പരാതിയില്‍ ശ്യാമിനെ ഒന്നാം പ്രതിയും ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗം ടി. ബാലചന്ദ്രനെ രണ്ടാം പ്രതിയുമാക്കിയാണ് എളമക്കര പോലീസ് കേസെടുത്തത്.
എളമക്കര അടയത്ത് ലെയ്നിലുള്ള അഞ്ചര സെന്റിലാണ് ശ്രീനിവാസന് കെട്ടിടം നിര്‍മിക്കുന്നത്. ഇത് ചട്ടം ലംഘിച്ചാണെന്നാരോപിച്ചാണ് ശ്യാം കോര്‍പ്പറേഷനില്‍ പരാതി നല്‍കിയത്. ഇത് തീര്‍പ്പാക്കാന്‍ അഞ്ചുലക്ഷം രൂപ ബാലചന്ദ്രന് ആവശ്യപ്പെട്ടതിന്റെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്.
എളമക്കരയില്‍ അപ്പാര്‍ട്ട്മെന്റിന്റെ നിര്‍മ്മാണം നടക്കുന്നതിനിടയിലാണ് ശ്രീനിവാസനെതിരെ കൊച്ചി കോര്‍പ്പറേഷനില്‍ പരാതി ലഭിക്കുന്നത്. ചട്ടം ലംഘിച്ചാണ് കെട്ടിട നിര്‍മ്മാണമെന്ന കാക്കനാട് സ്വദേശി ശ്യാമിന്റെ പരാതിയില്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ ബിജെപി ജില്ലാ കമ്മറ്റി അംഗമായ ബാലുവെന്ന ബാലചന്ദ്രന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
കാക്കനാട് സ്വദേശിയുടെ പരാതി പിന്‍വലിക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്ന് ശ്രീനിവാസന് പറയുന്നു. നേരത്തെയും ബാലചന്ദ്രന് അടങ്ങുന്ന സംഘം പല കെട്ടിട നിര്‍മ്മാതാക്കളെയും ഭീഷണിപ്പെടുത്തി പണം തട്ടിയതായും പരാതിയുണ്ട്.