കൊച്ചി: സൗദി വനിത നല്കിയ ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനു പിന്നാലെ, വ്ലോഗര്‍ ഷാക്കിര്‍ സുബ്ഹാന് (മല്ലു ട്രാവലര്‍) നാട്ടിലേക്ക്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ്, നാട്ടിലേക്കു മടങ്ങുന്നുവെന്ന കാര്യം ഷാക്കിര്‍ സുബ്ഹാന് അറിയിച്ചത്. ലൈംഗികാതിക്രമ പരാതിയില്‍ വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഷാക്കിര്‍ സുബ്ഹാന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ”ഒരു മാസത്തെ സാഹസികതയ്ക്കും അനുഭവങ്ങള്‍ക്കുമൊടുവില്‍ വീട്ടിലേക്ക് മടങ്ങുന്നു. കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിക്കാനും കഥകള്‍ പങ്കിടാനും പ്രിയപ്പെട്ട ഭവനത്തിന്റെ പരിചിതമായ ആശ്വാസത്തിലേക്ക് വീണ്ടുമെത്താനും കാത്തിരിക്കുന്നു” ഷാക്കിര്‍ സുബ്ഹാന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
സംസ്ഥാനം വിട്ടു പോകാന്‍ പാടില്ല, പാസ്പോര്‍ട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ഷാക്കിറിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്നാണ് വിവരം. നിലവില്‍ വിദേശത്തുള്ള ഷാക്കിര്‍ കേരളത്തില്‍ മടങ്ങിയെത്തുമെന്ന് അഭിഭാഷകന് അറിയിച്ച സാഹചര്യത്തിലാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
നേരത്തേ, തനിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്ന വാര്‍ത്തകള്‍ തള്ളി ഷാക്കിര്‍ തള്ളിയിരുന്നു. ഇതുവരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഷാക്കിര്‍ വ്യക്തമാക്കിയത്. ഒരാള്‍ കള്ളക്കേസ് കൊടുത്തതിന്റെ പേരില്‍ ഉടന്‍ നാട്ടിലേക്കു വരേണ്ട കാര്യമില്ലെന്നും ഷാക്കിര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസോ കോടതിയോ ആവശ്യപ്പെട്ടാല്‍ മാത്രമേ വരേണ്ടതുള്ളൂ. വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ പദ്ധതിയിട്ടിരുന്ന എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയ ശേഷമേ മടങ്ങൂ എന്നും ഷാക്കിര്‍ കുറിച്ചു.നിരപരാധിത്വം തെളിയിക്കുന്നതു വരെ, തനിക്കെതിരെ വരുന്ന എന്തും അനുഭവിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും കുറിപ്പിന്റെ ആമുഖമായി ഷാക്കിര്‍ കുറിച്ചു.
കുറ്റാരോപിതന് വിദേശത്തു തുടരുന്ന സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സൗദി യുവതിയുടെ പരാതിയിലുള്ള അന്വേഷണത്തിന്റെ ഭാഗമായി ഷാക്കിര്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് നിര്‍ദേശമെന്നായിരുന്നു വാര്‍ത്ത. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13ന് എറണാകുളത്തെ ഹോട്ടലില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് പരാതി നല്‍കിയത്. അഭിമുഖത്തിനെന്ന പേരില്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. അഭിമുഖത്തിനായി ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാന്‍ ശ്രമിച്ചതും എന്ന് പരാതിയില്‍ പറയുന്നു.
അതേസമയം, പരാതി വ്യാജമാണെന്ന നിലപാടിലാണ് ഷാക്കിര്‍ സുബ്ഹാന്. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകള്‍ കൊണ്ട് നേരിടുമെന്നും ഷാക്കിര്‍ പ്രതികരിച്ചിരുന്നു. ഇതൊരു ഹണിട്രാപ്പ് ആയിരുന്നോ എന്ന് സംശയിക്കുന്നതായും ഷാക്കിര്‍ ആരോപിച്ചു. ഷാക്കിര്‍ നാട്ടിലില്ലാത്തതിനാല്‍ അന്വേഷണം വൈകുമെന്ന് നേരത്തെ പൊലീസും വ്യക്തമാക്കിയിരുന്നു.