ന്യൂയോര്‍ക്ക്/ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ സെക്രട്ടറി ജനറലിന്റെ ആവശ്യം തള്ളി ഇസ്രയേല്‍. ഹമാസ് ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന പരാമര്‍ശം നടത്തിയ യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് രാജിവെക്കണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു.
ഹമാസിന്റെ ആക്രമണത്തെ അപലപിച്ച ഗുട്ടെറസ് അതിന്റെ പേരില്‍ പലസ്തീന്‍കാരെ ഒന്നടങ്കം ശിക്ഷിക്കുന്നതിന് ഇസ്രയേലിനെ കുറ്റപ്പെടുത്തിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ ചെയ്യുന്നത് അന്താരാഷ്ട്ര മാനുഷികനിയമങ്ങളുടെ ലംഘനമാണെന്നും പറഞ്ഞു. സായുധസംഘര്‍ഷത്തിലേര്‍പ്പെടുന്ന ഒരു രാജ്യവും നിയമത്തിനതീതരല്ലെന്നും ഇസ്രയേലിന്റെ പേരു പരാമര്‍ശിക്കാതെ ഗുട്ടറസ് പറഞ്ഞു. യുഎന്‍ രക്ഷാസമിതി യോഗത്തിലായിരുന്നു പരാമര്‍ശങ്ങള്‍.
യോഗത്തിലുണ്ടായിരുന്ന ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഏലി കോഹനെ ഈ പരാമര്‍ശം ചൊടിപ്പിച്ചു. ”യു.എന്‍. സെക്രട്ടറി ജനറല്‍, നിങ്ങള്‍ ഏതുലോകത്താണു ജീവിക്കുന്നത്?” എന്ന് ഗുട്ടറസിനുനേരെ കൈചൂണ്ടി കോഹന്‍ ചോദിച്ചു. ഗുട്ടെറസ് രാജിവെക്കണമെന്നും ഇസ്രയേല്‍ ആവശ്യപ്പെടുകയുണ്ടായി.
അതേസമയം, ഹമാസിനെ തകര്‍ക്കാതെ ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കുകയും ചെയ്തു. ഹമാസിനെ തകര്‍ക്കുക എന്ന ഒരേയൊരു ദൗത്യമേ ഇസ്രയേലിനുള്ളൂവെന്നും ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ അത് നിര്‍ത്തില്ലെന്നും നെതന്യാഹു പറഞ്ഞു. ഇതിന് പിന്നാലെ കരയാക്രമണത്തിന് തങ്ങള്‍ സജ്ജമാണെന്നും ഇസ്രയേല്‍ പ്രതിരോധസേന അറിയിക്കുകയും ചെയ്തു.
യുഎന്‍ സെക്രട്ടറി ജനറലിന്റെ വെടിനിര്‍ത്തല്‍ ആഹ്വാനത്തെ ഇസ്രയേലിന് പിന്നാലെ യുഎസും കാനഡയും തള്ളി. ”ഒരു തീവ്രവാദ സംഘടന അന്താരാഷ്ട്ര നിയമങ്ങളെയോ വെടിനിര്‍ത്തലിന് വേണ്ടിയുള്ള ഏതെങ്കിലും ആഹ്വാനത്തെയോ മാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല” കനേഡിയന്‍ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇസ്രയേലിന് മാത്രമല്ല, ലോകത്തിനുതന്നെ ഭീഷണിയായ ഹമാസിനെ ഇല്ലാതാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലും-ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന് ശരിയായ സമയം ആയിട്ടില്ലെന്ന് നേരത്തെ വൈറ്റ് ഹൗസും വ്യക്തമാക്കുകയുണ്ടായി.