CrimeNEWS

നിരോധിത നോട്ട് മാറാന്‍ ‘ജിന്നി’ന്റെ സഹായം! 47 ലക്ഷത്തിന്റെ നോട്ടുമായി ‘വിശ്വാസി’ പിടിയില്‍, മന്ത്രവാദി ഒളിവില്‍

ഭോപ്പാല്‍: നിരോധിക്കപ്പെട്ട നോട്ടുകള്‍ ജിന്നിന്റെ സഹായത്തോടെ പുതിയതാക്കി തരാമെന്ന് വാഗ്ദാനം നല്‍കി മന്ത്രവാദിയുടെ തട്ടിപ്പ്. ഇതു വിശ്വസിച്ച് നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് 47 ലക്ഷം രൂപ മൂല്യം വരുന്ന നിരോധിത നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്. ഒളിവില്‍ പോയ മന്ത്രവാദിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

മധ്യപ്രദേശിലെ മൊറേനയിലാണ് വേറിട്ട തട്ടിപ്പ് അരങ്ങേറിയത്. ദസറയ്ക്ക് പഴയ നോട്ടുകള്‍ മാറ്റി പുതിയത് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് മന്ത്രവാദി രംഗത്തുവന്നത്. ജിന്നിന്റെ സഹായത്തോടെ നോട്ടുകള്‍ മാറ്റി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതില്‍ വിശ്വസിച്ച് കൈവശമുള്ള നിരോധിത നോട്ടുകള്‍ മാറ്റി വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബറോഘാര്‍ സ്വദേശിയായ സുല്‍ത്താന്‍ കരോസിയയാണ് പിടിയിലായത്. തുടക്കത്തില്‍ തെരഞ്ഞെടുപ്പില്‍ ഗ്രാമങ്ങളില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചുള്ള നോട്ടുകളാണ് എന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍, കരോസിയയെ ചോദ്യം ചെയ്തപ്പോഴാണ് പുതിയ തട്ടിപ്പ് പുറത്തുവന്നത്.

Signature-ad

നോട്ട് നിരോധനം ഏര്‍പ്പെടുത്തുന്നതിന് ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് യാദൃച്ഛികമായി മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് നോട്ടുകെട്ടുകള്‍ ലഭിച്ചതെന്ന് സുല്‍ത്താന്‍ കരോസിയ മൊഴി നല്‍കി. ആരോടും പറയാതെ ഈ നോട്ടുകള്‍ വീട്ടില്‍ തന്നെ രഹസ്യമായി സൂക്ഷിച്ച് വരികയായിരുന്നു. അതിനിടെ ഒരു പരിചയക്കാരനാണ് ദസറയ്ക്ക് ജിന്നിന്റെ സഹായത്തോടെ പഴയ നോട്ടുകള്‍ മാറ്റി പുതിയത് നല്‍കുന്ന മന്ത്രവാദിയുടെ കാര്യം പറഞ്ഞത്. ഇതില്‍ വിശ്വസിച്ച് ആയിരത്തിന്റെ 41 കെട്ടുകളും അഞ്ഞൂറിന്റെ 12 കെട്ടുകളുമാണ് തയ്യാറാക്കിയത്. അതിനിടെ, പൊലീസിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് കരോസിയ പിടിയിലായത്. ഇയാളുടെ കൂട്ടാളിയെയും പിടികൂടി.

നോട്ടുകെട്ടുകളുമായി ബൈക്കില്‍ പോകുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. ബാഗില്‍ കണ്ടെത്തിയ നോട്ടുകളുമായി ബന്ധപ്പെട്ട് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പ്രതിക്ക് സാധിച്ചില്ല. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് നടന്ന സംഭവം പറഞ്ഞതെന്നും പൊലീസ് പറയുന്നു.

Back to top button
error: