NEWSWorld

പറക്കുന്നതിനിടെ എന്‍ജിന്‍ ഓഫ് ചെയ്ത് വിമാനം തകര്‍ക്കാന്‍ ശ്രമം; ‘ഓഫ് ഡ്യൂട്ടി’ പൈലറ്റ് അറസ്റ്റില്‍

വാഷിങ്ടണ്‍: യാത്രാമധ്യേ എന്‍ജിന്‍ ഓഫ് ചെയ്ത് വിമാനം അപകടത്തില്‍പ്പെടുത്തി തകര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഓഫ് ഡ്യൂട്ടിയിലായിരുന്ന പൈലറ്റ് അറസ്റ്റില്‍. യുഎസിലെ ഒറിഗോണിലാണ് സംഭവം. ഡ്യൂട്ടിയിലല്ലാത്തതിനാല്‍ വിമാനത്തിന്റെ കോക്പിറ്റിലുള്ള അധിക സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന പൈലറ്റാണ്, പറക്കുന്നതിനിടെ എന്‍ജിനുകള്‍ ഓഫ് ചെയ്ത് വിമാനം തകര്‍ക്കാന്‍ ശ്രമം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല്‍പ്പത്തിനാലുകാരനായ ജോസഫ് ഡേവിഡ് എമേഴ്‌സനാണ് അറസ്റ്റിലായത്.

അപകടം മനസ്സിലാക്കിയ വിമാന ജീവനക്കാര്‍ത്തന്നെ ഇയാളെ കീഴ്‌പ്പെടുത്തി കൈകള്‍ ബന്ധിച്ച് വിമാനത്തിന്റെ പിന്നിലേക്കു മാറ്റി. പൈലറ്റ് ഇക്കാര്യം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്യുന്ന ഉടന്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ അധികൃതരുടെ സഹായവും പൈലറ്റ് തേടിയിരുന്നു.

Signature-ad

കൊലപാതക ശ്രമം, വിമാനം അപകടത്തില്‍പ്പെടുത്താനുള്ള ശ്രമം തുടങ്ങി 83 ലധികം വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വാഷിങ്ടനിലെ എവറെറ്റില്‍നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനമാണ് എമേഴ്‌സന്‍ ബോധപൂര്‍വം അപകടത്തില്‍പ്പെടുത്താന്‍ ശ്രമിച്ചത്. ഈ സമയത്ത് വിമാനത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 80 യാത്രക്കാരും നാലു വിമാന ജീവനക്കാരുമുണ്ടായിരുന്നു.

ഞായറാഴ്ച പ്രദേശിക സമയം വൈകിട്ട് 5.23ന് എവറെറ്റില്‍നിന്ന് പുറപ്പെട്ട വിമാനം, ഒരു മണിക്കൂറിനു ശേഷമാണ് പോര്‍ട്ട്‌ലാന്‍ഡില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. യാത്രക്കാരെ പിന്നീട് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ എത്തിച്ചതായും അലാസ്‌ക എയര്‍ലൈന്‍സ് അറിയിച്ചു.

പൈലറ്റിന്റെ കോപൈലറ്റിന്റെയും അവസരോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ഇരുവരും അതിവേഗം പ്രതികരിക്കുകയും എന്‍ജിന്‍ ഓഫാകാതെ വിമാനം സുരക്ഷിതമാക്കിയതായും കമ്പനി അറിയിച്ചു. അതേസമയം, പ്രതിയുടെ കൈവശം ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പ്രതി എമേഴ്‌സന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നതായി പരിചയക്കാര്‍ പറഞ്ഞു.

 

 

Back to top button
error: