ഗൗഡയുടെ ബിജെപി ബന്ധത്തെ നിരാകരിച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഇടതുപക്ഷ ഘടകമായി കേരളത്തില്‍ തുടരാനുള്ള ശ്രമമാണു ജെഡിഎസ് കേരള നേതൃത്വം നടത്തിവന്നത്. എന്നാല്‍ കര്‍ണാടകയിലെ ബിജെപി ബന്ധം പിണറായി വിജയന്റെ അനുമതിയോടെയാണെന്ന ഗൗഡയുടെ വിവാദ പ്രസ്താവന വന്നതോടെ സിപിഎം കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയിരുന്നു. ജെഡിഎസിനെ എല്‍ഡിഎഫില്‍ തുടരാൻ അനുവദിച്ചതു പിണറായി വിജയന്റെ മഹാമനസ്‌കതയാണെന്ന എച്ച്.ഡി.കുമാരസ്വാമിയുടെ പ്രസ്താവനകൂടി വന്നതോടെ ഗൗഡ-കുമാരസ്വാമി ബന്ധം അവസാനിപ്പിക്കാതെ വേറെ വഴിയില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു ജെഡിഎസ്.
ഗൗഡയുടെ ബിജെപി സഖ്യത്തോട് എതിര്‍പ്പുള്ള ചില ഉത്തരേന്ത്യൻ സംസ്ഥാന ഘടകങ്ങള്‍ കേരള നേതാക്കളുമായി ബന്ധപ്പെടുന്നുണ്ട്. കര്‍ണാടകയിലും മുൻ സംസ്ഥാന പ്രസിഡന്റ് സി.എം.ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ഗൗഡ വിരുദ്ധ ചേരിയുണ്ട്. ദേശീയതലത്തില്‍ പിളര്‍പ്പിനുള്ള സാധ്യത ആരായുന്നുണ്ടെങ്കിലും ജനതാദളിലോ (യു) സമാജ് വാദി പാര്‍ട്ടിയിലോ ലയിക്കുക, കേരളത്തില്‍ പുതിയ സ്വതന്ത്ര പാര്‍ട്ടി രൂപീകരിക്കുക എന്നിവയാണ് അവശേഷിക്കുന്ന സാധ്യതകള്‍.