IndiaNEWS

വിവാഹ സീസണ്‍ വരുന്നു; 35 ലക്ഷം വിവാഹങ്ങള്‍, 4.25 ലക്ഷം കോടിയുടെ ബിസിനസ് പ്രതീക്ഷ

മുംബൈ: രാജ്യത്ത് വരാനിരിക്കുന്ന വിവാഹ സീസണില്‍ 4.25 ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുമെന്ന് വ്യാപാരികളുടെ സംഘടനയായ കോണ്‍ഫഡറേഷന്‍ ഒഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി) പ്രതീക്ഷിക്കുന്നു. വിവാഹ സീസണിന്റെ ആദ്യഘട്ടമായ നവംബര്‍ 23 മുതല്‍ ഡിസംബര്‍ 15 വരെയുള്ള 23 ദിവസങ്ങളില്‍ രാജ്യത്ത് ഏകദേശം 35 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്നാണ് സി.എ.ഐ.ടി കണക്കുകൂട്ടുന്നത്.

ഇത്രയും വിവാഹങ്ങള്‍ നടക്കുമ്പോള്‍ പര്‍ച്ചേയ്‌സിംഗും സേവനങ്ങളുമായി ഏകദേശം നാലേകാല്‍ ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.എ.ഐ.ടി ദേശീയ പ്രസിഡന്റ് ബിസി ഭാരതിയയും സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാളും പറഞ്ഞു.

Signature-ad

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഏകദേശം 35 ലക്ഷം വിവാഹങ്ങള്‍ നടന്നു, 3.75 ലക്ഷം കോടി രൂപയുടെ ബിസിനസാണ് ആസമയത്ത് ഉണ്ടായത്. ഈ വിവാഹ സീസണില്‍ ഒരാളുടെ ശരാശരി ചെലവ് അഞ്ചുലക്ഷമായി ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. ഡല്‍ഹി മേഖലയില്‍ മാത്രം 3.5 ലക്ഷം വിവാഹങ്ങള്‍ നടന്നേക്കാം, ഇതിലൂടെ ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് ഉണ്ടായേക്കാം.

ഗോവ, ജയ്പൂര്‍, കേരളം, ഷിംല എന്നിവയാണ് രാജ്യത്തെ പ്രധാന വിവാഹ കേന്ദ്രങ്ങള്‍. ഇപ്പോള്‍ മാറിയ ട്രെന്‍ഡ് അനുസരിച്ച്, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്, തീം വെഡ്ഡിംഗ്, പരിസ്ഥിതി സൗഹൃദ വിവാഹങ്ങള്‍ എന്നിവയ്ക്കാണ് ആളുകള്‍ക്ക് പ്രിയം. ഇതിനായി പണം ചെലവഴിക്കാന്‍ മടി കാണിക്കാറില്ല. വരുന്ന വിവാഹ സീസണില്‍ സ്വര്‍ണാഭരണങ്ങള്‍, സാരികള്‍, ഫര്‍ണീച്ചറുകള്‍ അടക്കമുള്ളവയുടെ ആവശ്യകത വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണവിലയിലും വന്‍ വര്‍ദ്ധനവ് ഉണ്ടായതോടെ വിവാഹ ചെലവുകള്‍ കുത്തനെ കൂടും.

വിവാഹങ്ങളെ ചെലവിന്റെ അടിസ്ഥാനത്തില്‍ പലതായി തരംതിരിച്ചുള്ള കണക്കുകള്‍ സി.എ.ഐ.ടി വിശദീകരിക്കുന്നത് ഇങ്ങനെ. ഒരു വിവാഹത്തിന് 3 ലക്ഷം രൂപ ചെലവ് വരുന്ന ഏകദേശം 6 ലക്ഷം വിവാഹങ്ങളും, 6 ലക്ഷം രൂപ ചെലവ് വരുന്ന ഏകദേശം 10 ലക്ഷം വിവാഹങ്ങളും നടക്കുമെന്നാണ് പ്രതീക്ഷ. 10 ലക്ഷം രൂപ ചെലവിടുന്ന 12 ലക്ഷം വിവാഹങ്ങളും, 25 ലക്ഷം രൂപ ചെലവിട്ട് നടക്കുന്ന 6 ലക്ഷം വിവാഹങ്ങളുമാകും നടക്കുക. ഒരു വിവാഹത്തിന് 50 ലക്ഷം രൂപ ചെലവിടുന്ന 50,000 വിവാഹങ്ങളും, ഒരു കോടിയോ അതില്‍ കൂടുതലോ ചെലവുവരുന്ന 50,000 വിവാഹങ്ങളും നടക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് സി.എ.ഐ.ടി ഭാരവാഹികള്‍ പറഞ്ഞു. വിവാഹ സീസണിന്റെ അടുത്ത ഘട്ടം ജനുവരി പകുതി മുതല്‍ ജൂലായ് വരെ ആയിരിക്കും.

ആഭരണങ്ങള്‍, സാരികള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, പാദരക്ഷകള്‍, വംശീയ വസ്ത്രങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍, അലങ്കാര വസ്തുക്കള്‍, ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വിരുന്നുകള്‍/ഹോട്ടലുകള്‍ എന്നിവയാണ് വിവാഹങ്ങളുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായി നടക്കുന്ന പ്രധാന ബിസിനസുകള്‍. പരോക്ഷമായി, വീടുകള്‍ക്കുള്ള പെയിന്റിംഗ്, റിപ്പയര്‍ മെറ്റീരിയലുകള്‍ ബിസിനസും ഇതിന്റെ ഭാഗമായി നടക്കും.

ഇതുകൂടാതെ, ടെന്റ് ഡെക്കറേഷന്‍സ്, ക്രോക്കറി, കാറ്ററിംഗ് സര്‍വീസ്, ട്രാവല്‍ സര്‍വീസ്, ക്യാബ് സര്‍വീസ്, വെജിറ്റബിള്‍ വെണ്ടര്‍മാര്‍, വീഡിയോഗ്രാഫി, ഡി.ജെ, തുടങ്ങിയ സേവന വ്യവസായങ്ങള്‍ക്കും മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും സി.എ.ഐ.ടി പ്രതീക്ഷിക്കുന്നു.

 

 

Back to top button
error: