കണ്ണൂര്‍: പരിയാരത്ത് വയോധികയെ കെട്ടിയിട്ട് പത്ത് പവന്‍ സ്വര്‍ണം കവര്‍ന്നു. അമ്മാനപ്പാറയില്‍ ഡോക്ടര്‍ ഷക്കീറിന്റെ വീട്ടിലാണ് നാലംഗ മുഖംമൂടി സംഘമാണ് കവര്‍ച്ച നടത്തിയത്. വടിവാള്‍ വീശി ഭീഷണിപ്പെട്ടുത്തി കെട്ടിയിട്ട ശേഷമാണ് സ്വര്‍ണം കവര്‍ന്നതെന്നാണ് മൊഴി.
ഡോക്ടര്‍ ഷക്കീറും ഭാര്യയും വ്യാഴാഴ്ച രാത്രി 11 മണിക്ക് തിരുവനന്തപുരത്തേക്ക് പോയിരുന്നു. വീട്ടില്‍ ബന്ധുവും രണ്ട് കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. മുകളിലത്തെ നിലയിലായിരുന്ന കുട്ടികള്‍ പുലര്‍ച്ചെ താഴത്തെ നിലയിലെത്തിയപ്പോഴാണ് വയോധികയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച നിലയില്‍ കാണുന്നത്.
വൃദ്ധയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളാണ് സംഘം കവര്‍ന്നത്. വീട്ടിലെ രണ്ട് മുറികളില്‍ മോഷ്ടാക്കള്‍ കയറിയതായി പൊലീസ് കണ്ടെത്തി. നേരത്തെയും പ്രദേശത്ത് സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഡോക്ടറുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.