കണ്ണൂര്‍: ചോര പുരളാന്‍ തങ്ങള്‍ തയ്ക്കുന്ന വസ്ത്രങ്ങള്‍ അയക്കില്ലെന്ന യുദ്ധവിരുദ്ധ നിലപാടുമായി കണ്ണൂരിലെ വസ്ത്രനിര്‍മാണ കമ്പനി. ഇസ്രയേല്‍ – ഹമാസ് യുദ്ധത്തെ തുടര്‍ന്ന് നിരവധി ആളുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇസ്രയേല്‍ പോലീസിന് യൂണിഫോം വിതരണം റദ്ദാക്കി കണ്ണൂരിലെ കമ്പനി രംഗത്തെത്തിയത്. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി ആയിരക്കണക്കിന് നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം.
സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ തുടര്‍ന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന നിലപാടിലാണ് കമ്പനി എത്തിയത്. പണത്തിന് ഉപരിയായി വിശ്വമാനവികതയ്ക്ക് വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും സമീപകാല സംഭവങ്ങള്‍ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ അപ്പാരല്‍സ് കമ്പനി എംഡി തോമസ് ഓലിക്കല്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കഴിഞ്ഞ എട്ട് വര്‍ഷമായി ഇസ്രയേല്‍ പോലീസിന് പ്രതിവര്‍ഷം ഒരു ലക്ഷത്തോളം യൂണിഫോം ഷര്‍ട്ടുകള്‍ വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. തൊടുപുഴ സ്വദേശിയായ മുംബൈ മലയാളി വ്യവസായി തോമസ് ഓലിക്കലിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനിയില്‍ 1500 ഓളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
ഇസ്രായേല്‍ പോലീസിന് മാത്രമല്ല സൈനികര്‍ക്കും ജയില്‍ ഉദ്യോഗസ്ഥര്‍ക്കും ഇവിടെനിന്ന് വസ്ത്രം തയ്യാറാക്കുന്നുണ്ട്. കൂത്തുപറമ്പ് നഗരസഭയിലെ വലിയ വെളിച്ചും കിന്‍ഫ്രാ പാര്‍ക്ക് എസ്റ്റേറ്റിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഫിലിപ്പൈന്‍സ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ പോലീസിനും മറ്റു സേനകള്‍ക്കും ഇവിടെനിന്ന് യൂണിഫോം തയ്യാറാക്കി അയക്കാറുണ്ടായിരുന്നു. മുംബൈയിലെ സ്വന്തം ഫാക്ടറിയില്‍ നിന്നാണ് തുണി തയ്ക്കാന്‍ ഉപയോഗിച്ചിരുന്നത്. കൂത്തുപറമ്പ്, തലശേരി മേഖലകളിലെ സ്ത്രീകളാണ് ഇവിടെ ജോലി ചെയ്തു വന്നിരുന്നത്. ഇസ്രായേല്‍ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ സൈനീകര്‍ക്കായി വ്യവസായ എസ്റ്റേറ്റില്‍ നിന്ന് യൂണിഫോം തയ്യാറാക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വന്‍വാര്‍ത്തയായിരുന്നു.
ഒരു വര്‍ഷം 56 കോടി രൂപ വരെ വിറ്റുവരവുളള സ്ഥാപനമാണ് മരിയന്‍ അപ്പാരല്‍സ്. 2016ലാണ് കമ്പനി തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 2018ല്‍ കൈത്തറിയുടെ സ്വന്തം നാടായ കണ്ണൂരിലേക്ക് പ്രവര്‍ത്തനം മാറുകയായിരുന്നു. പരമ്പരാഗത മേഖലയായ കൈത്തറിയുടെ തകര്‍ച്ച നേരിട്ട കണ്ണൂരില്‍ ആയിരത്തിലേറെ സ്ത്രീ തൊഴിലാളികള്‍ക്ക് ജോലി നല്‍കിയത് സാധാരണ കുടുംബങ്ങള്‍ക്ക് അനുഗ്രഹമായിരുന്നു.