വാഷിങ്ടണ്‍: യുഎസില്‍ സിഖ്കാരനായ മേയര്‍ക്ക് വധഭീഷണി. യുഎസിലെ ഹൊബോക്കന്‍ സിറ്റി മേയറായ രവീന്ദര്‍ എസ്.ഭല്ലയ്ക്കാണ് രാജി ആവശ്യം മുഴക്കിക്കൊണ്ടുള്ള വധഭീഷണി സന്ദേശങ്ങള്‍ എത്തിയത്. ആദ്യം മെയിലില്‍ ലഭിച്ച ഭീഷണി സന്ദേശം മേയര്‍ സ്ഥാനനത്തുനിന്ന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായിരുന്നെന്നും പിന്നീട് അത് തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന തരത്തിലേക്ക് മാറിയെന്നും രവീന്ദര്‍ യുഎസ് മാധ്യമമായ സിബിസി ന്യൂസിനോട് പറഞ്ഞു. തന്റെ സിഖ് മതവിശ്വാസത്തെ ലക്ഷ്യം വച്ചുള്ളതായിരുന്നു ഭീഷണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പെട്ടെന്നു തന്നെ മൂന്നാമത്തെ സന്ദേശമെത്തി, ഇത് അവസാനത്തെ താക്കീതാണെന്നും നിങ്ങള്‍ എത്രയും പെട്ടെന്ന് രാജിവച്ചില്ലെങ്കില്‍ കൊല്ലുമെന്നുമാണ് പറഞ്ഞത്. എന്നെ മാത്രമല്ല ഭാര്യയേയും മക്കളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. അതാണ് എന്റെ ഏറ്റവും ഭയപ്പെടുത്തിയത്. മറ്റൊരു സന്ദേശത്തില്‍ പറഞ്ഞത് നിങ്ങളെ കൊല്ലാനുള്ള സമയമായി എന്നാണ്.’ രവീന്ദര്‍ പറഞ്ഞു.
2017 ലാണ് ഹൊബോക്കന്‍ മേയറായി രവീന്ദര്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2021ലും മേയര്‍ സ്ഥാനത്തെത്തി. തനിക്കും കുടുംബത്തിനുമെതിരെ നിരന്തരമായി വധഭീഷണി ഉയരുന്നുണ്ടെന്ന് രവീന്ദര്‍ പറഞ്ഞു. ”എന്റെ ഏറ്റവും വലിയ ആശങ്ക കുട്ടികളെ ഓര്‍ത്താണ്. ഞാന്‍ മേയറാണ്, എന്നാല്‍ എന്റെ കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും പരിചയമില്ല. ഒരു സിഖ്അമേരിക്കനായ ഞാന്‍ അമേരിക്കകാരന്‍ എന്ന നിലയില്‍ അഭിമാനം കൊള്ളുന്നവനാണ്. എല്ലാവരെയും ഒരുപോലെ കാണണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ” -രവീന്ദര്‍ പറഞ്ഞു. 2019ലും ഇത്തരത്തില്‍ തനിക്കെതിരെ ഭീഷണി ഉയര്‍ന്നിട്ടുണ്ടെന്നും ഇത് ഇപ്പോഴും തുടരുന്നതിനാല്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം അറിയിച്ചു.