IndiaNEWS

കേഴുക, കായിക ഭാരതമേ

ന്ത്യയുടെ ഭരണഘടനയുടെ അടിസ്ഥാനം മതേതരത്വമാണ്. അതില്‍ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക്‌ എന്ന്‌ വ്യക്‌തമായി പറഞ്ഞിരിക്കുന്നു. എന്നാല്‍, വര്‍ത്തമാനകാല ഇന്ത്യയില്‍ നടക്കുന്ന ചില സംഭവങ്ങള്‍, ചില ആള്‍ക്കൂട്ട മുദ്രാവാക്യങ്ങള്‍ ഭാരതത്തിന്റെ പോക്ക്‌ എങ്ങോട്ടെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

പറഞ്ഞുവരുന്നത്‌ ജയ്‌ ശ്രീറാം വിളികളോടാണ്‌. ജയ്‌ ശ്രീറാം എന്ന്‌ വിളിക്കുന്നതിന്‌ ഇന്ത്യയില്‍ ഒരു തടസവുമില്ല. ആര്‍ക്കും വിളിക്കാം. പക്ഷേ ആ വിളികള്‍, മുദ്രാവാക്യങ്ങള്‍ അസ്‌ഥാനത്താകുമ്ബോഴാണ്‌ പ്രശ്‌നം. തകരുന്നത്‌ ഇന്ത്യയുടെ മതേതരത്വമാണ്‌, വേദനിക്കുന്നത്‌ നമ്മുടെ സാഹോദര്യത്വത്തിനാണ്‌. ഉത്തമപുരുഷനായ രാമന്‍ ഏതെങ്കിലും ഒരു മതത്തന്റേയോ രാഷ്‌ട്രീയ പാര്‍ട്ടിയുടേയോ സ്വകാര്യ സ്വത്തല്ല.

നമ്മുടെ രാഷ്‌ട്രപിതാവായ ഗാന്ധിജി രാമഭക്‌തനായിരുന്നു. അദ്ദേഹത്തിന്റെ നിലപാട്‌, രാമന്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ സ്വകാര്യ സ്വത്തല്ല എന്നതാണ്‌. ദൈവത്തിന്റെ മറുപേരായി ഗാന്ധി കണക്കാക്കിയ രാമന്‍ ഹിന്ദുക്കള്‍ക്കെന്നപോലെ അഹിന്ദുക്കള്‍ക്കും തുല്യഅളവില്‍ അവകാശപ്പെട്ടയാളാണ്‌. ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തോട്‌ പ്രത്യേക മമതയോ പ്രത്യേക വിരോധമോ രാമനുണ്ടാവുക സാധ്യമല്ല എന്നതായിരുന്നു ഗാന്ധിജി എടുത്ത നിലപാട്‌. അതുകൊണ്ട്‌ തന്നെയാണ്‌ സ്വാതന്ത്ര്യം കിട്ടി അധികനാള്‍ കഴിയുംമുമ്ബേ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക്‌ വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞതും.

Signature-ad

ഐ.സി.സി. ലോകകപ്പ്‌ വേദിയിലാണ്‌ അവസാനമായി ജയ്‌ശ്രീറാം വിളികള്‍ മുഴങ്ങിയത്‌. ഗുജറാത്തിലെ അഹമ്മദാബാദ്‌ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഒരുലക്ഷത്തിലധികം വരുന്ന കാണികളില്‍ ഭൂരിപക്ഷവും ജയ്‌ശ്രീറാം വിളികളോടെയാണ്‌ ഇന്ത്യന്‍ ടീമിനേയും എതിര്‍ ടീമായ പാകിസ്‌താനെയും വരവേറ്റത്‌. പാകിസ്‌താന്‍ ക്യാപ്‌റ്റന്‍ ബാബര്‍ അസം ടോസിനായി ഗ്രൗണ്ടില്‍ ഇറങ്ങിയതുമുതല്‍ ജയ്‌ ശ്രീറാം വിളികള്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഒരു കായികവേദിയില്‍, അതും ലോകകപ്പ്‌ പോലുള്ള രാജ്യാന്തര പ്രാധാന്യമുള്ള വേദിയില്‍ ഒരിക്കലും മുഴങ്ങാന്‍ പാടില്ലാത്ത വിളി. അതുകൊണ്ടും തീര്‍ന്നില്ല. മത്സരത്തില്‍ ഉടനീളം ജയ്‌ ശ്രീറാം വിളികള്‍ അലയടിച്ചു. അതിനിടയില്‍ പാകിസ്‌താന്‍ ബാറ്റ്‌സ്‌മാന്‍ റിസ്വാന്‍ പുറത്തായി. 49 റണ്‍സെടുത്ത റിസ്വാനെ ഇന്ത്യയുടെ ബുംറയാണ്‌ പുറത്താക്കിയത്‌. ഇന്ത്യന്‍ ആരാധകര്‍ക്ക്‌ തീര്‍ച്ചയായും ആഘോഷിക്കാം. പക്ഷേ, ആ ആഘോഷമാണ്‌ പരിധി വിട്ടത്‌. 49 റണ്‍സിന്‌ പുറത്തായി റിസ്വാന്‍ പവലിയനിലേക്ക്‌ മടങ്ങുന്നതിനിടെ കാണികള്‍ ജയ്‌ ശ്രീറാം മുഴക്കിയാണ്‌ ആഘോഷിച്ചത്‌.

ക്രിക്കറ്റില്‍ ഇന്ത്യ ജയിച്ചാല്‍ ആരാധകര്‍ക്ക്‌ ഇന്ത്യയ്‌ക്ക്‌ ജയ്‌ വിളിക്കാം. മത്സരമല്ലേ ജയിച്ചത്‌. അല്ലാതെ രാമ, രാവണ യുദ്ധമല്ലല്ലോ? പാകിസ്‌താന്‍ ക്രിക്കറ്റ്‌ താരത്തിനു നേരെ ജയ്‌ ശ്രീറാം വിളിക്കുന്നതിലൂടെ ക്രിക്കറ്റ്‌ മത്സരങ്ങള്‍ പോലും ചിലര്‍ വെറുപ്പിന്റെ കമ്ബോളമാക്കുന്നു എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ലോകകപ്പ്‌ ഫുട്‌ബോള്‍ മുസ്ലിം രാജ്യമായ ഖത്തറിലാണ്‌ നടന്നത്‌. തികച്ചും ഇസ്ലാം മതപരമായ നിയമങ്ങള്‍ പിന്തുടരുന്ന രാജ്യം. ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ മത്സരിക്കുമ്ബോള്‍ ഒരിക്കല്‍പോലും സ്‌റ്റേഡിയത്തില്‍ അള്ളാഹു അക്‌ബര്‍ വിളികള്‍ മുഴങ്ങിയില്ല, ആദ്യ മത്സരത്തില്‍ അര്‍ജന്റീനയ്‌ക്കെതിരേ അട്ടിമറി വിജയം നേടിയപ്പോഴും. മത്സരങ്ങളെ മത്സരങ്ങളായി കാണാന്‍ അവിടത്തെ കാണികള്‍ക്കറിയാമായിരുന്നു.

ഈശ്വര വിചാരത്തില്‍നിന്നും ഭക്‌തിയില്‍നിന്നും ഉയിര്‍ക്കൊള്ളേണ്ട ജയ്‌ ശ്രീറാം വിളി മറ്റുള്ളവരേടുള്ള വിദ്വേഷത്തില്‍നിന്നും വെറുപ്പില്‍നിന്നും ഉയര്‍ന്നുവരുന്നതിന്‌ പിന്നില്‍ വര്‍ഗീയ രാഷ്‌ട്രീയം തന്നെയാണ്‌. ഇതിനേക്കാള്‍ വലിയ ഒരപരാധം ശ്രീരാമനോട്‌ ചെയ്യാനില്ല. ഇതുകണ്ട്‌ കണ്ണു പൊത്താന്‍ മാത്രമേ സാക്ഷാല്‍ ശ്രീരാമന്‌ കഴിഞ്ഞിട്ടുണ്ടാകുകയുള്ളൂ. യഥാ രാജാ തഥാ പ്രജ എന്ന ആപ്‌തവാക്യം ഉരുവിട്ടുകൊണ്ട്‌ ഒരു വസ്‌ത്രം അലക്കുകാരിയുടെ വാക്കിനുപോലും വില കല്‍പ്പിച്ച്‌ സ്വഭാര്യയെ ഉപേക്ഷിച്ച രാമന്‍, അതിനു പറഞ്ഞ ന്യായം രാജാവ്‌ എങ്ങനെ ആയിരിക്കുമോ അങ്ങനെ തന്നെയാകും പ്രജകളും എന്നതാണ്‌.

Back to top button
error: