ചിക്കാഗോ: ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ യുഎസില്‍ ആറു വയസുകാരന് കുത്തേറ്റുമരിച്ചു. ആക്രമണത്തില്‍ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റു. വാദിയ അല്‍ ഫയൂം എന്ന ബാലനാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ വില്‍ കൗണ്ടി സ്വദേശിയായ 71 കാരന് ജോസഫ് എം. ചൂബ എന്നയാളെ വിദ്വേഷ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ചിക്കാഗോയ്ക്ക് സമീപമുള്ള പ്ലയിന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പില്‍ ശനിയാഴ്ചയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. അക്രമിയുടെ വീടിന്റെ താഴത്തെ നിലയിലാണ് കുടുംബം താമസിച്ചിരുന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമി വലിയ കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തുകയായിരുന്നു. ‘നിങ്ങള്‍ മുസ്ലിംകള് മരിക്കണം’ എന്നാക്രോശിച്ചായിരുന്നു ആക്രമണം.
ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷത്തില്‍ പ്രകോപിതനായുമാണ് ഈ ക്രൂരമായ ആക്രമണം നടത്തിയത്. നെഞ്ചിലും കൈയിലുമായാണ് ഇരുവര്‍ക്കും കുത്തേറ്റത്. 12 ഇഞ്ച് നീളമുള്ള കത്തി ഉപയോഗിച്ചാണ് ഇയാള്‍ ഇരുവരെയും ആക്രമിച്ചത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച യുവതിയെ പിന്നാലെയെത്തിയ പ്രതി വീണ്ടും കുത്തിയതായി പൊലീസ് പറയുന്നു. താമസ സ്ഥലത്തിനു സമീപത്തുനിന്ന് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.