കോഴിക്കോട്: നട്ടുച്ചയ്ക്ക് വെയിലത്ത് ബാറ്റുമേന്തി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഡോ. ഉമര്‍ അലിയുടെ ആദ്യപന്ത് കുത്തിത്തിരിഞ്ഞ് പിച്ചിനു പുറത്തേക്ക്. അടുത്തപന്ത് മുന്നോട്ടാഞ്ഞ് തട്ടിയകറ്റി. അവസാന പന്ത് വീശിയടിച്ച് ബൗണ്ടറിയിലെത്തിക്കുകയും ചെയ്തു.
ദക്ഷിണേന്ത്യയിലെ ഹോമിയോ ഡോക്ടര്‍മാര്‍ക്കായി പ്രോഗ്രസീവ് ഹോമിയോപത്സ് ഫോറത്തിന്റെ ‘ഗൂഗ്ലി’ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. കളത്തിലിറങ്ങി കളിക്കാര്‍ക്ക് കൈകൊടുക്കുന്നതിനിടെയാണ് സംഘാടകര്‍ ബാറ്റ് ചെയ്യാന്‍ മന്ത്രിയെ ക്ഷണിച്ചത്.
ഒരു ഓവര്‍ ഔട്ടാവാതെ നിന്ന് ബാറ്റു ചെയ്താണ് മന്ത്രി ആവേശത്തോടെ മടങ്ങിയത്. തന്റെ എസ്എഫ്ഐക്കാലത്ത് കൂടെ പ്രവര്‍ത്തിച്ചിരുന്ന ഹോമിയോ കോളജിലെ അന്നത്തെ വിദ്യാര്‍ഥികളില്‍ പലരും ഇന്ന് ഡോക്ടര്‍മാരാണ്. അവരെ കളിക്കളത്തില്‍ വീണ്ടും കണ്ടതിന്റെ ആവേശത്തിലായിരുന്നു മന്ത്രി.
ഹോമിയോ ഡോക്ടര്‍മാരും വിദ്യാര്‍ഥികളുമടങ്ങുന്ന 15 ടീമുകളാണ് മത്സരിച്ചത്. കണ്ണൂര്‍ റോയല്‍സ് ടീം ചാംപ്യന്മാരായി. ചെന്നൈ വാരിയേഴ്സാണ് റണ്ണര്‍ അപ്പ്. മാന്‍ഓഫ് ദ് സീരീസായി കണ്ണൂര്‍ റോയല്‍സിന്റെ ഡോ. അനീസിനെ തിരഞ്ഞെടുത്തു. കണ്ണൂരിന്റെ ഡോ. മെഹ്സാബ് അബ്ദുല്ലയാണ് ഫൈനലിലെ മാന്‍ഓഫ് ദ് മാച്ച്.