ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ. പാര്‍ലമെന്റില്‍ ചോദ്യങ്ങളുന്നയിക്കുന്നതിന് പ്രമുഖ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്നും എം.പി. കൈക്കൂലി വാങ്ങിയെന്നാണ് ദുബെയുടെ ആരോപണം.
ആരോപണത്തിന് പിന്നാലെ മഹുവ മൊയ്ത്രയ്ക്കെതിരെ അന്വേഷണ സമിതി രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് ദുബെ ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി. മഹുവയെ സഭയില്‍ നിന്നും ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
”പാര്‍ലമെന്റ് സമ്മേളനം തുടങ്ങുമ്പോള്‍ മഹുവ മൊയ്ത്ര ബഹളം വയ്ക്കാന്‍ ആരംഭിക്കും. എന്തെങ്കിലും കാരണത്താല്‍ മറ്റുള്ളവരെ അധിക്ഷേപിച്ച് കൊണ്ട് തൃണമൂല്‍ നേതാക്കളായ മഹുവയുടേയും സൗഗത റോയിയുടേയും നേതൃത്വത്തില്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നത് പതിവാണ്.
ഇവരുടെ തന്ത്രങ്ങള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളും സര്‍ക്കാരിന്റെ നയങ്ങളും ചര്‍ച്ച ചെയ്യുന്നതിനുള്ള മറ്റ് അംഗങ്ങളുടെ ഭരണഘടനാപരമായ അവകാശത്തെ ലംഘിക്കുന്നു. മറ്റൊരു ബിസിനസ് ഗ്രൂപ്പിനെ ഉന്നം വെച്ചുകൊണ്ട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് ഇവര്‍ ഒരു വ്യവസായില്‍ നിന്നും പണം വാങ്ങി”, ദുബെ കത്തില്‍ പറയുന്നു.
തനിക്കെതിരായ ഏത് നീക്കത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഭവത്തില്‍ മഹുവ മൊയ്ത്ര പ്രതികരിച്ചു. വ്യാജ ബിരുദധാരികള്‍ക്കും മറ്റ് ബി.ജെ.പി. പ്രമുഖര്‍ക്കുമെതിരെ ഒന്നിലധികം അധികാരലംഘനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കുന്നതിനു മുമ്പ് കല്‍ക്കരി കുംഭകോണത്തില്‍ എഫ്.ഐ.ആര്‍. ഫയല്‍ ചെയ്യുന്നതിനായി ഇ.ഡി.യോട് ആവശ്യപ്പെടുന്നതായും മഹുവ ട്വിറ്ററില്‍ കുറിച്ചു.