തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസുകാരന് ആദിശേഖറിനെ കാറിടിച്ച് കൊന്ന സംഭവത്തിലെ പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി. മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് തീരുമാനം. സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
വാഹനമിടിച്ച് കുട്ടിയെ കൊലപ്പെടുത്തുകയെന്ന ക്രൂരകൃത്യം നടത്തിയ പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് എന്നന്നേക്കുമായി റദ്ദാക്കണമെന്ന ശിപാര്‍ശയാണ് അന്വേഷണം നടത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 നായിരുന്നു മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ആദ്യഘട്ടത്തില്‍ അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് വാഹനം ഉപയോഗിച്ച് നടത്തിയ ഹീനമായ കൊലപാതകമായിരുന്നു എന്ന് തെളിഞ്ഞു. പുളിങ്കോട് ക്ഷേത്രത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാര്‍, കുട്ടി സൈക്കിളില്‍ കയറിയപ്പോള്‍ മുന്നോട്ടെടുത്ത് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.
പത്ത് ദിവസങ്ങള്‍ക്ക് ശേഷം പ്രിയരഞ്ജനെ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജന് മൂത്രം ഒഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തിയത്. നിസ്സാരമായ വിഷയത്തിന്റെ പേരില്‍ കുട്ടിയോട് പ്രിയരഞ്ജന് വലിയ പക വെച്ചുപുലര്‍ത്തിയിരുന്നു എന്ന കാര്യം ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. പൂവച്ചല്‍ സ്വദേശിയാണ് പ്രതിയായ പ്രിയരഞ്ജന്. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാള്‍ ഓണം പ്രമാണിച്ചാണ് നാട്ടില്‍ വന്നത്.
കാട്ടാക്കട ചിന്മയാ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട ആദിശേഖര്‍. സഹപാഠികളുടെയും അധ്യാപകുടെയും പ്രിയപ്പെട്ട ആദി സ്കൂളിലെ മത്സരങ്ങളിലെല്ലാം ഒന്നാമനായിരുന്നു. അഭിനയം ഇഷ്ടമായിരുന്ന ആദി സ്കൂള്‍തലത്തിലുള്ള നാടക മത്സരങ്ങളിലും മികച്ച അഭിനേതാവായി തിളങ്ങിയിരുന്നു. കഴിഞ്ഞ തവണ നടന്ന സ്കൂള്‍ യൂത്ത് ഫെസ്റ്റിവെലില്‍ ഇംഗ്ലീഷ്, മലയാളം പ്രസംഗ മത്സരങ്ങളിലും, ഗ്രൂപ്പ് ഡാന്‍സ്, സംസ്കൃതം പദ്യപാരായണം തുടങ്ങി നിരവധിയിനങ്ങളില്‍ ഒന്നാമനായിരുന്ന ആദി അധ്യാപകര്‍ക്ക് പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു. ജി-20 സമ്മേളനത്തിന്റെ ഭാഗമായി ചിന്മയാ സ്കൂള്‍ സംഘടിപ്പിച്ച ഇന്റര്‍സ്കൂള്‍ മത്സരത്തില്‍ കാട്ടാക്കട സ്കൂളിനെ പ്രതിനിധീകരിച്ചതും ഈ കൊച്ചു മിടുക്കനായിരുന്നു.