IndiaNEWS

ചൗഹാനെ വീഴ്ത്താന്‍ ഹനുമാന്‍; ബുധിനിയില്‍ പോരാട്ടം കടുക്കും

ഭോപ്പാല്‍: ബിജെപി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനെ വീഴ്ത്താന്‍ ‘ഹനുമാനെ’ കളത്തിലിറക്കി കോണ്‍ഗ്രസ്. ചൗഹാന്റെ മണ്ഡലമായ ബുധിനിയില്‍ നടന്‍ വിക്രം മസ്താലിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്.

2008 ല്‍ ടെലിവിഷന്‍ പരമ്പരയായ രാമായണത്തില്‍ ഹനുമാന്റെ വേഷമിട്ട നടനാണ് വിക്രം മസ്താല്‍. ഈ വര്‍ഷം ജൂലായിലാണ് നടന്‍ വിക്രം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് വിക്രം മസ്താലും ഇടംപിടിച്ചത്.

Signature-ad

ഇത്തവണ തെരഞ്ഞെടുപ്പില്‍ ശിവരാജ് സിങ് ചൗഹാന് ബിജെപി ടിക്കറ്റ് നല്‍കിയേക്കില്ലെന്ന അഭ്യൂഹം ശക്തമായിരുന്നു. ഒടുവില്‍ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് മുഖ്യമന്ത്രി കൂടിയായ ശിവരാജ് സിങ് ചൗഹാന്റെ പേര് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒമ്പതിനാണ് ചൗഹാന്റെ പേരുള്ള സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തുവിട്ടത്.

ശിവരാജ് സിങ് ചൗഹാന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ബുധിനി. 2018 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബുധിനിയില്‍ നിന്നും ശിവരാജ് സിങ് ചൗഹാന്‍ 58,999 വോട്ടുകള്‍ക്കാണ് വിജയിച്ചത്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അരുണ്‍ യാദവിനെയാണ് തോല്‍പ്പിച്ചത്.

ആദ്യഘട്ടത്തില്‍ മധ്യപ്രദേശിലെ 144 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ചിന്ദ്‌വാരയില്‍നിന്ന് മത്സരിക്കും. മുന്‍മുഖ്യമന്ത്രി ദിഗ് വിജയ് സിങിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിങ് ചചൗരയില്‍ നിന്ന് ജനവിധി തേടും.

 

 

Back to top button
error: