അഞ്ചല്‍ തടിക്കാട് പാതയില്‍ വെള്ളം കയറിയതോടെ ഭാഗീകമായി ഗതാഗതം തടസപ്പെട്ടു.അഞ്ചല്‍ -പുനലൂര്‍ പാതയില്‍ സെന്‍റ് ജോര്‍ജ് സ്കൂളിന് സമീപം പാത പൂര്‍ണമായും വെള്ളം കയറി മുങ്ങി. റോഡിലൂടെ വെള്ളത്തിന്‍റെ ശക്തമായ ഒഴുക്ക് അനുഭവപ്പെട്ടതോടെ ഇരുചക്രവാഹന വാഹനങ്ങള്‍ അടക്കം വളരെ പ്രയാസപ്പെട്ടാണ് കടന്നുപോയത്.
സ്കൂളിന്റെയും, സമീപത്തെ വര്‍ക്ക് ഷോപ്പിന്റെയും മതില്‍ ഇടിഞ്ഞു. വര്‍ക്ക്ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ച വാഹനങ്ങളിലേക്കും വെള്ളം കയറി. നിരവധി കടകളില്‍ വെള്ളം കയറിയതോടെ ഇവിടെയുണ്ടായിരുന്ന സാധനങ്ങള്‍ നശിച്ചു. ആയിരക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി കടയുടമകള്‍ പറഞ്ഞു.
അലയമണ്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ അഞ്ചോളം വീടുകളില്‍ വെള്ളം കയറി. ഇവിടങ്ങളില്‍ ഉള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറിയതൊഴിച്ചാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഇല്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ ചില്ലിംഗ് പ്ലാന്‍റ്, കരിമ്ബിന്‍കോണം, പാണയം ഭാഗങ്ങളില്‍ വെള്ളം കയറി. ചില്ലിംഗ്പ്ലാന്‍റ്, കരിമ്ബിന്‍കോണം എന്നിവിടങ്ങളിലെ രണ്ടു വീടുകളില്‍ വെള്ളം കയറി. ചില്ലിംഗ് പ്ലാന്‍റില്‍ തൊണ്ടിയറ ഏലാമുറ്റം ഭാഗത്ത് വീട്ടില്‍ വെള്ളം കയറിയതോടെ വീട്ടില്‍ ഉണ്ടായിരുന്ന വയോധിക അടക്കമുള്ളവരെ മറ്റൊരു വീട്ടിലെക്ക് മാറ്റിയിട്ടുണ്ട്.
തെക്കേ നെട്ടയത്തിന് സമീപം വയലില്‍ കൃഷി ആവശ്യങ്ങള്‍ക്കായി എത്തിച്ച ട്രാക്ടര്‍ വെള്ളത്തിനടിയിലായി. അഞ്ചലില്‍ ബൈപാസിന് ഇരുവശത്തും വലിയ രീതിയില്‍ വെള്ളം കയറിയത് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതുവഴി പോകുന്നവര്‍ ഫോട്ടോ എടുക്കാന്‍ അടക്കം ഇവിടെ നിര്‍ത്തുന്നത് അപകടസാധ്യത ഉയര്‍ത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.