പാലക്കാട്: കാണാതായ നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുബൈര്‍ അലി മധുരയിലുണ്ടെന്ന് കണ്ടെത്തി. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. നെന്മാറ പൊലീസ് മധുരയിലെത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതിയില്‍ നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
അതിനിടെ, സുബൈര്‍ അലി ഫോണില്‍ പഞ്ചായത്ത് അംഗം കൂടിയായ അമീര്‍ ജാനോട് സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്തു വന്നിരുന്നു. എല്ലാവരുടേയും മുമ്പില്‍വെച്ച് സിപിഎം പഞ്ചായത്ത് അംഗങ്ങള്‍ ഷൗട്ട് ചെയ്തത് നാണക്കേട് ഉണ്ടാക്കിയതായി സുബൈര്‍ അലി പറഞ്ഞു. താന്‍ ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ല. തനിക്കെതിരായ വ്യാജ പരാതിയും സിപിഎം ഭീഷണിയും വല്ലാതെ വേദനിപ്പിച്ചു എന്നും സുബൈര്‍ അലി പറയുന്നു.
”ഞാനെന്താ ചെയ്യേണ്ടത് എന്ന് സുബൈര്‍ അലി ചോദിക്കുന്നു. എന്തായാലും ഞങ്ങളൊക്കെ കൂടെയില്ലേ എന്ന് അമീര്‍ജാന്‍ ആശ്വസിപ്പിക്കുന്നുണ്ട്. ഞാനൊന്നും ചെയ്യാത്ത കാര്യത്തിനാണ് അവര്‍ എന്റെ തലയില്‍ കയറിയത്. നിങ്ങള്‍ എല്ലാവരും കണ്ടതല്ലേ. സിപിഎം അംഗങ്ങള്‍ വന്ന് ബഹളം ഉണ്ടാക്കിയത്, എന്റെ ഓര്‍മ്മയില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല.
വീട്ടിലാണെങ്കിലും ഒത്തിരി പ്രശ്‌നങ്ങളുണ്ട്. അതിനിടയിലാണ് ഇത്. എനിക്കെതിരെ ജാതിപ്പേരു വിളിച്ചു എന്നുപറഞ്ഞ് കേസും കൊടുത്തിരിക്കുന്നു. ഞാന്‍ ആരെയും ജാതിപ്പേര് വിളിച്ചിട്ടില്ല. ഞാനെന്താ ചെയ്യേണ്ടത്. ഞാന്‍ ചെയ്യാത്ത കാര്യത്തിന് എന്തിനാണ് എന്നെ വേട്ടയാടുന്നതെന്നും” -സുബൈര്‍ അലി ഫോണ്‍ സംഭാഷണത്തില്‍ ചോദിക്കുന്നുണ്ട്.
സിപിഎം പാര്‍ട്ടിയല്ലേ, അവര്‍ ഇങ്ങനെയൊക്കെ വേട്ടയാടിക്കൊണ്ടിരിക്കും. അതിനെല്ലാം ഇങ്ങനെ പേടിച്ച് പോകാനാകുമോയെന്ന് അമീര്‍ ജാന്‍ ചോദിക്കുന്നു. ”പള്ളിയില്‍ വന്ന് നിസ്‌കരിച്ചശേഷം ഉസ്താദിന്റെ കയ്യില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചു. അപ്പോള്‍ പ്രസിഡന്റാണ് പറഞ്ഞത് എന്റെ ഫോണ്‍ ഒക്കെ റെക്കോഡ് ചെയ്യുന്നുണ്ടെന്ന്. ഞാന്‍ എഴുതിവെച്ച കത്ത് ആരോടും പറഞ്ഞിട്ടില്ലെന്നും” -സുബൈര്‍ അലി പറയുന്നു. .
എലവഞ്ചേരി സ്വദേശി സുബൈര്‍ അലിയെയാണ് കാണാതായത്. ഇന്നലെ രാവിലെ ഓഫിസിലെത്തിയ സുബൈര്‍ അലിയെ പിന്നീട് കാണാതാകുകയായിരുന്നു. സിപിഎം കൊല്ലങ്കോട് ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് ഇദ്ദേഹം കത്തെഴുതി വച്ചിരുന്നു.സിപിഎം ഭീഷണിയെത്തുടര്‍ന്ന് അച്ഛന്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്ന് മകന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.