CrimeNEWS

ജീവനക്കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; വനിതാ ഫോറസ്റ്റ് സൂപ്രണ്ടിനെതിരെ നടപടി

തൃശൂര്‍: സഹപ്രവര്‍ത്തകയുടെ ചിത്രമെടുത്ത് അശ്ലീലമായി ചിത്രീകരിച്ച് സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച ചാലക്കുടി ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിലെ വനിതാ സീനിയര്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍. സീനിയര്‍ സൂപ്രണ്ട് ഹോബി ഹരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. അന്വേഷണ വിധേയമായി തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഹോബിക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

മേലധികാരി തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത് സഹപ്രവര്‍ത്തകരെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഇവര്‍ക്കെതിരെ സഹപ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ ഇരുപതോളം വനിതാ ജീവനക്കാരാണുള്ളത്. പുരുഷ ജീവനക്കാര്‍ അഞ്ചും. വനിതാ ജീവനക്കാരും സൂപ്രണ്ടും തമ്മില്‍ നാളുകളായി സ്വരച്ചേര്‍ച്ചയിലല്ലെന്നും പറയുന്നു.

Signature-ad

ഡിവിഷന്‍ ഓഫീസിലെ ജീവനക്കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റി സൂപ്രണ്ട് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിക്കാരിയായ ജീവനക്കാരിയെ ശാരീരികമായി അധിക്ഷേപിച്ചെന്നും പറയുന്നു.

സൂപ്രണ്ടിനെതിരെ ഓഫീസിലെ ജീവനക്കാര്‍ ചേര്‍ന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അസി.ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തത്.

മോര്‍ഫിംഗ് സംബന്ധിച്ച പ്രവര്‍ത്തിയില്‍ ഉദ്യോഗസ്ഥയ്ക്ക് ഖേദമില്ല, സഹപ്രവര്‍ത്തകരോട് സഹകരണമില്ല, സ്ഥിരമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു, അടിയന്തര പ്രാധാന്യമുള്ള ഫയലുകളില്‍ നടപടി വൈകിപ്പിക്കുന്നു, ഓഫീസിലെ എല്ലാ ജീവനക്കാരും ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതി നല്‍കി, സൂപ്പര്‍ വൈസറി തസ്തികയില്‍ തുടരാന്‍ അര്‍ഹതയില്ല എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സൂപ്രണ്ടിനെതിരായ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

Back to top button
error: