പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ജില്ലയില്‍നിന്ന് നടപടി നേരിട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ തിരികെ എത്തിക്കാനുള്ള ശ്രമം എ വിഭാഗം ശക്തമാക്കി. എന്നാല്‍, രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ കുര്യനെ അനുകൂലിക്കുന്നവര്‍ ഇതിനെതിരെ സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങളെ സമീപിച്ചു. ഇരു വിഭാഗവും നിലപാട് കടുപ്പിച്ചതോടെ നേതൃത്വവും വെട്ടിലായി.
പത്തനംതിട്ട ഡിസിസി മുന്‍ പ്രസിഡന്റ് ബാബു ജോര്‍ജ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഡോ. സജി ചാക്കോ എന്നിവരെയാണ് പുതിയ ഡിസിസി നേതൃത്വം വന്ന ശേഷം സസ്പെന്‍ഡ് ചെയ്തത്. ജില്ലയിലെ എ വിഭാഗത്തെ നയിച്ചിരുന്ന ബാബു ജോര്‍ജ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. എ വിഭാഗത്തില്‍നിന്ന് തന്നെയുള്ള സജി ചാക്കോ, പി.ജെ കുര്യന്റെ സഹചാരിയുമായിരുന്നു.
ഡിസിസി യോഗം നടക്കുന്നതിനിടെ വാക്കേറ്റം നടത്തിയെന്നും ഓഫീസിന്റെ കതക് ചവിട്ടിത്തുറന്നുവെന്നും ആരോപിച്ചായിരുന്നു ബാബു ജോര്‍ജിനെതിരെ നടപടി കെപിസിസി സ്വീകരിച്ചത്. കതക് ചവിട്ടിത്തുറക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇത് പ്രചരിപ്പിച്ചത് യോഗത്തില്‍ ഉണ്ടായിരുന്ന ഒരു കെപിസിസി ഭാരവാഹിയാണെന്നായിരുന്നു ബാബു ജോര്‍ജിന്റെ ആരോപണം. ഡിസിസി യോഗത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ക്ക് ശേഷം ഇറങ്ങിപ്പോയെന്നും പിന്നീട് കയറാന്‍ അനുവദിച്ചില്ലെന്നും ബാബു ജോര്‍ജ് പക്ഷം പറയുന്നു.
നടപടി വന്നതോടെ ശക്തമായ പ്രതിഷേധവുമായി ബാബു ജോര്‍ജും രംഗത്തുവന്നു. തന്റെ സസ്പെന്ഷന് പിന്നില്‍ പി.ജെ കുര്യന് ആണെന്നായിരുന്നു ആരോപണം. ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ അനാവശ്യ ഇടപെടല്‍ കുര്യന് നടത്തുന്നുവെന്നും വാര്‍ത്താസമ്മേളനം വിളിച്ച് അദ്ദേഹം ആരോപിച്ചു. ഇത് കൂടുതല്‍ വിഷയങ്ങളിലേക്ക് കടന്നു. ഇതിനിടെയാണ് ഡിസിസി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സജി ചാക്കോയ്ക്ക് എതിരെ മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സസ്പെന്ഷന് വരുന്നത്.
ഡിസിസി നേതൃത്വം അംഗീകരിച്ച പട്ടികയ്ക്ക് പകരം പാനലില്‍ എല്‍ഡിഎഫ് നേതാവിനെ ഉള്‍പ്പെടുത്തി എന്നായിരുന്നു ആരോപണം. എന്നാല്‍ ഇതിനു പിന്നിലും കുര്യന് ആണെന്ന് സജി ചാക്കോ പരസ്യമായി പ്രതികരിച്ചു. നേരത്തെ ഇരുവരും ഒരുമിച്ചായിരുന്നു പ്രവര്‍ത്തനമെങ്കിലും ഇടക്കാലത്തുണ്ടായ അകല്‍ച്ചയായിരുന്നു ഇതിനു കാരണമായി പറയുന്നത്. മല്ലപ്പള്ളി ബ്ലോക്ക് നേതൃയോഗത്തില്‍ ഈ വിഷയം കൈയേറ്റത്തില്‍ കലാശിച്ചു. അന്ന് യോഗത്തില്‍ ഉണ്ടായിരുന്ന കുര്യനെ പോലീസ് എത്തിയാണ് പുറത്തേക്ക് കൊണ്ടുപോയത്. ഇതേ തുടര്‍ന്ന് വിഷയം കൂടുതല്‍ രൂക്ഷമായി.
നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സംസ്ഥാന – കേന്ദ്ര നേതാക്കളെ ഇതിനിടെ സമീപിക്കുകയും ചെയ്തു. എന്നാല്‍, തന്നെ വ്യക്തിപരമായി പോലും അധിക്ഷേപിച്ചവരെ തിരിച്ചെടുക്കരുതെന്ന നിലപാടിലായിരുന്നു രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ കൂടിയായ കുര്യന്. ഇക്കാര്യം നീണ്ടുപോകുന്നതിനിടയിലാണ് ഇരു നേതാക്കളെയും തിരിച്ചെടുക്കണമെന്ന് ഇപ്പോള്‍ എ വിഭാഗം നേതാക്കളായ ബെന്നി ബെഹനാനും കെ.സി ജോസഫും കെപിസിസിക്ക് കത്ത് നല്‍കിയത്. ഉമ്മന്‍ ചാണ്ടിയുടെ തിരുവന്തപുരത്തെ വിശ്വസ്തനായ ലത്തീഫിന് എതിരായ നടപടി പിന്‍വലിക്കണമെന്നും ഇവര്‍ കത്തിലൂടെ കെ സുധാകരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍നിന്ന് നടപടി എടുത്തതിന് പിന്നില്‍ തക്കതായ കാരണം ഉണ്ടെന്നും ഇത് പിന്‍വലിക്കാന്‍ പാടില്ലെന്നും പിജെ കുര്യന് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. മറിച്ചു തീരുമാനം ഉണ്ടായാല്‍ താനും കടുത്ത നടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പറയുന്നു. എന്തായാലും കൂടുതല്‍ മുന്നൊരുക്കത്തോടെ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുമ്പോള്‍ വലിയ കല്ലുകടിയാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്.