പത്തനംതിട്ട: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച നരബലി പുറംലോകം അറിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം. പത്തനംതിട്ട ഇലന്തൂരില്‍ വച്ചായിരുന്നു ക്രൂരകൊലപാതകം. മുഹമ്മദ് ഷാഫി എന്ന കൊടുംകുറ്റവാളിയുടെ മോഹനവാഗ്ദാനത്തില്‍ വീണ് ഭഗവത് സിങ്ങും ഭാര്യ ലൈലയും രണ്ട് സ്ത്രീകളെയാണ് കൊലനടത്തിയത്. ഭഗവല്‍സിങ്ങിന്റെ വീടിന്റെ പരിസരത്തുനിന്നു നരബലിക്ക് ഇരയായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും 2022 ഒക്ടോബര്‍ 11നായിരുന്നു.
സാമ്പത്തിക അഭിവൃദ്ധിനേടാന്‍ നരബലി നടത്തിയാല്‍ മതിയെന്ന് ആയുര്‍വേദ ചികിത്സകന്‍ ഇലന്തൂര്‍ പുളിന്തിട്ട ഭഗവല്‍സിങ്ങിനെയും ലൈലയും വിശ്വസിപ്പിച്ചത് മുഹമ്മദ് ഷാഫിയാണ്. ക്രൂരതയിലൂടെ ആനന്ദം കണ്ടെത്താനും മറ്റുള്ളവരുടെ അന്ധവിശ്വാസം മുതലെടുത്ത് പണം സമ്പാദിക്കാനുമുള്ള ഷാഫിയുടെ താല്‍പ്പര്യമാണ് കൊലയ്ക്ക് കാരണമായത് എന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്.
ലോട്ടറി വില്‍പനക്കാരായ കാലടി സ്വദേശി റോസ്ലി(49), തമിഴ്‌നാട് സ്വദേശി പത്മം(52) എന്നിവരാണ് കൊലചെയ്യപ്പെട്ടത്. ഇരട്ട നരബലിയില്‍ ആദ്യ കൊലപാതകമായിരുന്നു റോസ്‌ലിയുടെത്. രണ്ടാമത്തെത് തമിഴ് സ്ത്രീയായ പത്മയുടെതാണ്. ആദ്യ നരബലി ഫലം കണ്ടില്ലെന്നു പറഞ്ഞാണ് രണ്ടാമത്തെ കൊല നടത്തിയത്. സ്ത്രീകളെ കൈകാലുകള്‍ കെട്ടിയിട്ട് പൈശാചികമായാണ് കൊലപ്പെടുത്തിയത്. കഷ്ണങ്ങളാക്കി പറമ്പില്‍ കുഴിച്ചുമൂടുകയും ചെയ്തു. കൂടാതെ ഇവരുടെ മാംസവും പ്രതികള്‍ ഭക്ഷിച്ചു.
പത്മയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയാണ് നരബലിയെ കുറിച്ച് പുറംലോകം അറിയാനിടയാക്കിയത്. കാണാതായ പത്മത്തെത്തേടിയുള്ള അന്വേഷണത്തില്‍ പത്മം കയറിയ വാഹനം കണ്ടെത്താനുള്ള ശ്രമമാണു കൊച്ചി കടവന്ത്ര പൊലീസിനെ ഇലന്തൂരിലെത്തിച്ചത്. ഭഗവല്‍സിങ്ങിന്റെ തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ ഈ വാഹനം പതിഞ്ഞിരുന്നു.
നിലവില്‍ മുഹമ്മദ് ഷാഫിയും ഭഗവല്‍സിങ്ങും ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ലൈല കാക്കനാട്ടെ ജയിലിലും. കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ല. കൊലപാതകം ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, മോഷണം, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നരബലി നടന്ന ഇലന്തൂരിലെ വീട് കാണാന്‍ നിരവധി പേരാണ് എത്തുന്നത്.