KeralaNEWS

രണ്ടു പേര്‍ ജീവനൊടുക്കി, 8 പേര്‍ ചികിത്സക്ക് പണം കിട്ടാതെ മരിച്ചു; ഇത് മാവേലിക്കര സഹകരണ ബാങ്കിലെ നിക്ഷേപകരുടെ ദുരിതകഥ

ആലപ്പുഴ: ഏഴുവര്‍ഷം മുമ്പ് 63 കോടി രൂപയുടെ തട്ടിപ്പ് പുറത്ത് വന്നിട്ടും ഇന്നും പണം തിരിച്ചു കിട്ടാതെ ദുരിതം അനുഭവിക്കുകയാണ് മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ അഞ്ഞൂറലധികം നിക്ഷേപകര്‍. പ്രതിസന്ധി അതിജീവിക്കാനാകാതെ രണ്ട് നിക്ഷേപകര്‍ ആത്മഹത്യ ചെയ്തു. എട്ട് പേര് ചികിത്സക്കുള്ള പണം പോലും ലഭിക്കാതെ മരിച്ചു. തട്ടിപ്പിനെ കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണമാകട്ടെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇഴഞ്ഞു നീങ്ങുകയാണ്.

മാവേലിക്കര വെളുത്തേടത്ത് സ്വദേശിനി രമാ രാജന്‍ അടക്കം നിക്ഷേപകരുടെ തോരാത്ത കണ്ണീരിന് മുന്നില്‍ ഇന്നും അധികൃതര്‍ക്ക് മറുപടി ഇല്ല. മകളുടെ പേരില്‍ ഈ കുടുംബം മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയില്‍ സ്ഥിരനിക്ഷേപമിട്ടത് മൂന്ന് ലക്ഷം രൂപയായിരുന്നു. 2016 ഓഗസ്റ്റില്‍ എല്ലാം തകിടം മറിഞ്ഞു. യുഡിഎഫ് ഭരിക്കുന്ന ബാങ്കില്‍ നടന്ന 63 കോടി രൂപയുടെ തട്ടിപ്പ്പുറത്ത് വന്നു. മാനേജരടക്കമുള്ള ഉദ്യോഗസ്ഥരും ഭരണസമിതി അംഗങ്ങളും അടക്കം നടത്തിയത് പല തരത്തിലുള്ള ക്രമക്കേടുകളായിരുന്നു.

Signature-ad

മതിയായ ഈടില്ലാതെ വായ്പ നല്‍കി, സ്ഥിര നിക്ഷേപത്തില്‍ നിന്ന് നിക്ഷേപകര്‍ അറിയാതെ വായ്പ എടുത്തു. വ്യാജ അക്കൗണ്ടുകളിലേക്ക് പണം ഒഴുക്കി. ചെക്കില്‍ വ്യാജ ഒപ്പിട്ട് പണം തട്ടി. തട്ടിപ്പിന്റെ കഥകള്‍ നീളുന്നു.കാന്‍സര്‍ ബാധിച്ച ഭര്‍ത്താവിന്റെ ചികിത്സക്കായി പണം എടുക്കാനെത്തിയ രമാ രാജന്‍ ബാങ്കിന്റെ മറുപടി കേട്ട് ഞെട്ടി. രമ അടക്കമുള്ളവരുടെ സ്ഥിരനിക്ഷേപത്തിന്റെ പേരില്‍ ആരോ 50 ലക്ഷം രൂപയുടെ വായ്പ എടുത്തിട്ടുണ്ട് അതുകൊണ്ട് പണം കിട്ടില്ലെന്നായിരുന്നു മറുപടി. തൊട്ടുപിന്നാലെ ചികിത്സക്ക് പണമില്ലാതെ ഭര്‍ത്താവ് മരിച്ചു.

തട്ടിപ്പ് പുറത്ത് വന്ന് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും 500 ലധികം നിക്ഷേപര്‍ക്ക് ഒരു പൈസ് പോലും കിട്ടിയിട്ടില്ല. രണ്ട് നിക്ഷേപകര് ആത്മഹത്യ ചെയ്തു. എട്ട് പേര് ചികില്‍സക്കുള്ള പണം പോലും ലഭിക്കാതെ മരിച്ചു. തഴക്കര ബാങ്കിന്റെ പ്രവര്‍ത്തനം പേരില്‍ മാത്രം. നാട്ടുകാര്‍ സമരരംഗത്തിറങ്ങിയതോടെ ക്രൈബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ഒന്നും സംഭവിച്ചില്ല.

 

Back to top button
error: