തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലപര്യടനത്തിന് തയ്യാറെടുക്കവേ സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍മന്ത്രി ജി. സുധാകരന്റെ രൂക്ഷവിമര്‍ശനം. കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള പാര്‍ട്ടി അന്വേഷണത്തില്‍ പിഴവുസംഭവിച്ചെന്ന് തുറന്നടിച്ച സുധാകരന്റെ അഭിപ്രായത്തോട് നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കരുവന്നൂര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളെ പഴിച്ച് പ്രതിരോധം തീര്‍ക്കാനുള്ള സി.പി.എം. തന്ത്രങ്ങളെയാണ് ഫലത്തില്‍ സുധാകരന്‍ ചോദ്യംചെയ്തിട്ടുള്ളത്. കേസന്വേഷണത്തില്‍ ഇ.ഡി.യെ തടയാനാവില്ലെന്നാണ് മുന്‍ സഹകരണമന്ത്രിയായ അദ്ദേഹത്തിന്റെ അഭിപ്രായം.
കരുവന്നൂര്‍ പ്രശ്നത്തെ രാഷ്ട്രീയമായി നേരിടാനുള്ള സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും പ്രഖ്യാപിതതീരുമാനത്തിന് ഇതു തിരിച്ചടിയാവും. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ വികസനങ്ങളുടെ പേരിലാണ് രണ്ടാംസര്‍ക്കാര്‍ വന്നതെന്ന അദ്ദേഹത്തിന്റെ ഓര്‍മപ്പെടുത്തല്‍ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളെ ഉന്നമിട്ടാണെന്നാണ് സി.പി.എമ്മിലെ അണിയറച്ചര്‍ച്ച.
കരുവന്നൂര്‍ പ്രശ്നത്തില്‍ പാര്‍ട്ടി നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്ന ഒറ്റവരി മാത്രമാണ് മാധ്യമങ്ങളോട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി. സുധാകരനെ ഏതെങ്കിലുംതരത്തില്‍ പ്രയാസപ്പെടുത്തുന്ന നിലപാട് പാര്‍ട്ടിക്കില്ലെന്നു വ്യക്തമാക്കി ആലപ്പുഴയില്‍നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റംഗവും മന്ത്രിയുമായ സജി ചെറിയാനും ഒഴിഞ്ഞുമാറി. മുതിര്‍ന്ന നേതാവെന്നനിലയില്‍ എല്ലാ പരിഗണനയും നല്‍കിയാണ് മുന്നോട്ടുപോവുന്നതെന്ന് പറയാനും അദ്ദേഹം മറന്നില്ല.
ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് തര്‍ക്കവുമായി ബന്ധപ്പെട്ട് അച്ചടക്കനടപടി നേരിട്ടയാളാണ് സുധാകരന്‍. താന്‍ ആരെയും തോല്‍പ്പിച്ചിട്ടില്ലെന്ന് വിശദീകരിച്ച് പാര്‍ട്ടി നടപടിയെ പരസ്യമായി തള്ളിയിരിക്കുകയാണ് അദ്ദേഹം. താന്‍ 24 പേജ് വിശദീകരണം എഴുതിക്കൊടുത്തെന്നും പരാതി അന്വേഷിച്ച എളമരം കരീം കമ്മിഷന്‍ ഒരു വരിപോലും അംഗീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നടന്നതെന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നാണ് വെല്ലുവിളി. ഇതോടെ, ഇപ്പോഴത്തെ വിമര്‍ശനത്തില്‍ തുടര്‍ചലനങ്ങളുണ്ടാവുമെന്നുറപ്പായി. ജി. സുധാകരന്‍ ഇപ്പോള്‍ ബ്രാഞ്ച് അംഗം മാത്രമാണെങ്കിലും പരസ്യമായി വെല്ലുവിളിച്ചാല്‍ സി.പി.എമ്മിന്റെ സംഘടനാരീതിയനുസരിച്ച് നടപടിക്ക് ആവശ്യമുയരും. കരുവന്നൂരില്‍ ശക്തമായി നടപടിയെടുത്തു മുന്നോട്ടുപോവേണ്ടതായിരുന്നു എന്ന് കേന്ദ്രകമ്മിറ്റിയംഗവും എല്‍.ഡി.എഫ്. കണ്‍വീനറുമായ ഇ.പി. ജയരാജന്‍ തുറന്നുപറഞ്ഞതിനു പിന്നാലെയാണ് ജി. സുധാകരന്റെ വിമര്‍ശനം.