ഉയർന്നു നിൽക്കുന്ന പലിശ..സുരക്ഷിതമായ നിക്ഷേപം..ഒപ്പം നികുതി ഇളവും. ഈ നേട്ടങ്ങൾ ഒരുമിച്ച് വേണമെങ്കിൽ ടാക്സ് സേവിംഗ്സ് ഫിക്സഡ് ഡെപ്പോസിറ്റുകൾ പരിഗണിക്കാം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ടര ശതമാനം ആണ് റിപ്പോ നിരക്ക് റിസർവ് ബാങ്ക് കൂട്ടിയത്. അതനുസരിച്ച് ബാങ്കുകളും ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് കൂട്ടിയിട്ടുണ്ട്. ഇന്ന് പുറത്തിറക്കിയ പുതിയ വായ്പാനയത്തിലും പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടെന്നാണ് ആർബിഐയുടെ തീരുാനം. അതുകൊണ്ടു തന്നെ ഫിക്സഡ് ഡെപ്പോസിറ്റുകൾക്കുള്ള ഉയർന്ന പലിശ ഇനിയും തുടരും.
നികുതി ഇളവിനായി ടാക്സ് സേവിംഗ്സ് ഫിക്സഡ് ഡെപ്പോസിറ്റുകൾ പരിഗണിക്കാൻ പറ്റിയ സമയം കൂടിയാണിത്. മാർച്ച് 31ന് മുൻപാണ് നികുതി ഇളവിനായുള്ള നിക്ഷേപങ്ങൾ ആരംഭിക്കേണ്ടത്. ജനവരി, ഫെബ്രുവരി മാസത്തിൽ തൊഴിൽ ദാതാക്കൾ നിക്ഷേപ രേഖകൾ ആവശ്യപ്പെടും. അതിന് മുൻപായി ടാക്സ് സേവിംഗ് എഫ്ഡി ആരംഭിക്കാം. ഏറ്റവും കൂടുതൽ പലിശ ഇത്തരം നിക്ഷേപങ്ങൾക്ക് നൽകുന്ന ബാങ്കുകൾ ഇവയാണ്.
ഇൻഡസ് ഇൻഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവ പരമാവധി 7.25 ശതമാനം വരെ പലിശ നൽകുന്നുണ്ട്. ഈ നിരക്കിൽ 1.5 ലക്ഷം നിക്ഷേപിച്ചാൽ അഞ്ച് വർഷത്തിന് ശേഷം 2.15 ലക്ഷം രൂപ തിരികെ ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ പരമാവധി 7 ശതമാനമാണ് ടാക്സ് സേവിംഗ്സ് എഫ് ഡികൾക്ക് പലിശ നൽകുന്നത്. 1.5 ലക്ഷം രൂപ ഈ നിരക്കിൽ നിക്ഷേപിച്ചാൽ അഞ്ച് വർഷം കഴിഞ്ഞാൽ അതിൻറെ മൂല്യം 2.12 ലക്ഷം രൂപയാകും.
പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും കൂടുതൽ പലിശ നൽകുന്നത് യൂണിയൻ ബാങ്കും, കനറ ബാങ്കും ആണ്. 6.7 ശതമാനം. ഈ നിരക്കിൽ 1.5 ലക്ഷം രൂപയുടെ നിക്ഷേപം അഞ്ച് വർഷങ്ങൾക്ക് ശേഷം 2.09 ലക്ഷം രൂപയായി ഉയരും. ഫെഡറൽ ബാങ്ക് നൽകുന്ന പലിശ 6.6 ശതമാനമാണ്. 1.5 ലക്ഷം രൂപയുടെ നിക്ഷേപം 5 വർഷങ്ങൾക്ക് ശേഷം 2.08 ലക്ഷമായി ബാങ്ക് തിരികെ നൽകും.
എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ,പിഎൻബി, ഇന്ത്യൻ ബാങ്ക് ,ഐഒബി, ഐഡിബിഐ എന്നിവ 6.5 ശതമാനം പലിശയാണ് ടാക്സ് സേവിംഗ്സ് ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് നൽകുന്നത്.