LIFEMovie

പുലിമടയിലൂടെ വീണ്ടും കാക്കിയണിഞ്ഞ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഞെട്ടിക്കാന്‍ ജോജു ജോര്‍ജ്; ‘പുലിമട’ റിലീസ് തീയതി പ്രഖ്യാപിച്ചു

മീപകാലത്ത് ശ്രദ്ധേയ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയ നടനാണ് ജോജു ജോർജ്. അവയിൽ ചില പൊലീസ് കഥാപാത്രങ്ങളുമുണ്ടായിരുന്നു. അടുത്ത ചിത്രത്തിലും ജോജു ഒരു പൊലീസ് കോൺസ്റ്റബിൾ ആണ്. എന്നാൽ കഥാപശ്ചാത്തലം തീർത്തും വ്യത്യസ്തമാണ്. പോലീസ് കോൺസ്റ്റബിൾ ആയ വിൻസന്റ് സ്‌കറിയയുടെ (ജോജു ജോർജ്) വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക. ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 26ന് ചിത്രം തിയറ്ററുകളിൽ എത്തും. എ കെ സാജനാണ് ചിത്രത്തിൻറെ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തെത്തിയ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമൺ) എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ തന്നെ ഏറെ പുതുമ സമ്മാനിക്കുന്ന ഒന്നാണ്. പാൻ ഇന്ത്യൻ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയിൽ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോമോളുമാണ്. ഐൻസ്‌റ്റീൻ മീഡിയ, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ഐൻസ്റ്റീൻ സാക് പോൾ, രാജേഷ് ദാമോദരൻ എന്നിവർ ചേർന്നാണ് പുലിമട നിർമ്മിക്കുന്നത്. ജോഷിയുടെ ജോജു സിനിമയായ ആന്റണി നിർമ്മിക്കുന്നതും ഐൻസ്‌റ്റീൻ മീഡിയയാണ്. പ്രേക്ഷകശ്രദ്ധ ആകർഷിച്ച ഇരട്ട എന്ന ചിത്രത്തിനുശേഷമുള്ള ജോജു ജോർജിന്റെ റിലീസ് ആണ് പുലിമട. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമടയിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.

Signature-ad

ബാലചന്ദ്ര മേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വത്സൻ, ഷിബില തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ ശരിക്കും ഒരു പുലിമടയിലൂടെ തന്നെയാവും പ്രേക്ഷകരെ സംവിധായകൻ കൊണ്ടുപോവുകയെന്ന് അണിയറക്കാർ പറയുന്നു.

മ്യൂസിക് ഇഷാൻ ദേവ്, പശ്ചാത്തല സംഗീതം അനിൽ ജോൺസൻ, പ്രൊഡക്ഷൻ ഡിസൈനർ വിനീഷ് ബംഗ്ലാൻ, എസ്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ രാജീവ് പെരുമ്പാവൂർ, ആർട്ട് ഡയറക്ടർ ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ഷാജി പുൽപ്പള്ളി, ഷമീർ ശ്യാം, കൊസ്റ്റ്യൂം സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈനിങ് & മിക്സിങ് സിനോയ്‌ ജോസഫ്, ഗാനരചന റഫീക്ക് അഹമ്മദ്, ഡോ. താര ജയശങ്കർ, ഫാ. മൈക്കിൾ പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയാക്ടർ ഹരീഷ് തെക്കേപ്പാട്ട്, ഡി ഐ ലിജു പ്രഭാകർ, വിഎഫ്എക്സ് പ്രോമിസ്, മാർക്കറ്റിങ് ഒബ്സ്ക്യുറ, സ്റ്റിൽ അനൂപ് ചാക്കോ, റിൻസൻ എം ബി ,പിആർഒ മഞ്ജു ഗോപിനാഥ്, ഡിസൈൻ ഓൾഡ് മങ്ക്സ്, വിതരണം ആൻ മെഗാ മീഡിയ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: