പഞ്ചാബിലെ അമൃതസറിൽ നിന്നും 35 കിലോമീറ്റർ അകലെ ഭോമ ഗ്രാമത്തിൽ ഒരു മന്ദിരമുണ്ട്. 1896-ൽ അവിടെ എത്തിപ്പെട്ട ബാബ റോഡെ ഷാ എന്ന മുസ്ലീം ദർശകന്റെ ശവകുടീരം.ഇവിടെ പ്രധാന വഴിപാടും പ്രസാദവും എല്ലാം മദ്യമാണ്.കൂടുതലും വിസ്കി.
ഇവിടെ അർപ്പിക്കപ്പെടുന്ന വിസ്കി, പുറത്തു ഗ്ലാസ്സുമായി നിരന്നിരിക്കുന്നവർക്ക് വിതരണം ചെയ്യപ്പെടും. സിഖ് വംശജർ ആണ് ഈ മന്ദിരം നടത്തുന്നത്. ചില നിഹാങ് ഗുരുദ്വാരകളിൽ ഭാംഗ് കലർത്തിയ പ്രസാദം (ചബീൽ) കുടിക്കാൻ കൊടുക്കാറുണ്ട്. മറ്റു ചില വിഭാഗങ്ങളുടെ ചില ഗുരുദ്വാരകളിലും ആൽക്കഹോൾ പ്രസാദം കൊടുക്കാറുണ്ട്. കലാ സംഘിയാനിലെ ഗുരുദ്വാര, ദേരാ ബാബ മാസ്‌ത്രാം ജി മുതലായവ ഉദാഹരണങ്ങൾ.
കേരളവും മോശമല്ല,ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമെന്ന് പുകള്‍പെറ്റ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളാല്‍ എന്നും വ്യത്യസ്ഥമാണ്.ക്ഷേത്രത്തില്‍ കള്ള്, മുറുക്കാൻ, കോഴി തുടങ്ങിയവയാണ് വഴിപാടുകള്‍.
കഴിഞ്ഞ ഞായറാഴ്ച ഇവിടെ ഒരു ഭക്തൻ 101 കുപ്പി വിദേശമദ്യമാണ് കലശമായി സമര്‍പ്പിച്ചത്. ചെറുതും വലുതുമായ കുപ്പികളില്‍ വിവിധ ബ്രാൻഡുകളിലുള്ള മദ്യമാണ് ഭക്തൻ കാണിക്കയര്‍പ്പിച്ചത്.ഭക്തര്‍ കാണിക്കയര്‍പ്പിക്കുന്ന മദ്യം ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് തികച്ചും സൗജന്യമായിട്ട് തന്നെ തിരിച്ചു നല്‍കുകയും ചെയ്യും.അതിനാല്‍ തന്നെ ഞായറാഴ്ച വൻ ജനക്കൂട്ടമാണ് ക്ഷേത്രത്തിലെത്തിയത്.
കാരണം കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്ത് മദ്യക്കടകള്‍ക്ക് അവധിയായിരുന്നു !