ചെന്നൈ:വന്ദേഭാരത് സ്ലീപ്പര്‍ ടെയിനുകളുടെ ആദ്യ പതിപ്പ് നിര്‍മാണം ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പൂര്‍ത്തിയായി.ഇതിന്റെ ചിത്രങ്ങളും വീഡിയോയും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററില്‍ പങ്കു വച്ചു.
2024 മാര്‍ച്ചോടെ സര്‍വീസ് ആരംഭിക്കാൻ കഴിയുമെന്ന സൂചനയും മന്ത്രി നല്‍കിയിട്ടുണ്ട്. റെയില്‍വേ വികാസ് നിഗം ലിമിറ്റഡും റഷ്യയിലെ ടിഎംഎച്ച് ഗ്രൂപ്പിന്റെയും കണ്‍സോര്‍ഷ്യവും ചേര്‍ന്നാന്ന് വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മാണം നിര്‍വഹിക്കുന്നത്.
ചെന്നെയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡും സംയുക്തമായാണ് കോച്ചുകളുടെ ഡിസൈനും ഇന്റീരിയറും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
നിലവിലെ സ്ലീപ്പര്‍ കോച്ചുകളേക്കാള്‍ വിശാലമായ ബര്‍ത്തുകള്‍, തെളിച്ചമുള്ള ഇന്റീരിയറുകള്‍, കൂടുതല്‍ വിശാലവും സൗകര്യവുമുള്ള ടോയ് ലറ്റുകള്‍ എന്നിവ കോച്ചുകളുടെ പ്രധാന പ്രത്യേകതകളാണ്.
ട്രെയിനില്‍ 857 ബര്‍ത്തുകള്‍ ഉണ്ടാകും. ഇതില്‍ 823 എണ്ണം യാത്രക്കാര്‍ക്ക് വേണ്ടിയാണ്. 34 ബര്‍ത്തുകള്‍ റെയില്‍വേ ജീവനക്കാര്‍ക്ക് വേണ്ടിയും മാറ്റിവയ്ക്കും.എല്ലാ കോച്ചുകളിലും ഒരു മിനി പാൻട്രിയും സജ്ജീകരിച്ചിട്ടുണ്ട്.ഇത്തരത്തില്‍ പത്ത് ട്രെയിനുകളാണ് പ്രഥമ ഘട്ടത്തില്‍ നിര്‍മിക്കുന്നത്.
ഒരു വണ്ടിയില്‍ 16 കോച്ചുകള്‍ ഉണ്ടാകും. എൻജിൻ കൂടാതെ തേര്‍ഡ് ക്ലാസ് ഏസി-11 എണ്ണം, രണ്ടാം ക്ലാസ് ഏസി-നാല്, ഫസ്റ്റ് ക്ലാസ് ഏസി-ഒന്ന് എന്നിങ്ങനെയാണ് കോച്ചുകളുടെ ക്രമീകരണം.ദീര്‍ഘദൂര യാത്രയ്ക്ക് അതിവേഗം സൗകര്യം ഒരുക്കുക എന്നതാണ് വന്ദേ ഭാരത് സ്ലീപ്പറിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്.