ബെംഗളൂരു: കെടിആറിനെ മുഖ്യമന്ത്രിയാക്കാൻ സഹായിക്കണമെന്ന് കെസിആർ(കെ ചന്ദ്രശേഖർ റാവു)പറഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മകൻ കെടിആറിനെ അനുഗ്രഹിക്കണമെന്നും മുഖ്യമന്ത്രിയാക്കാൻ സഹായിക്കണമെന്നുമായിരുന്നു കെസിആറിന്റെ അപേക്ഷ. എന്നാൽ രാജഭരണമല്ല ഈ നാട്ടിലെന്നായിരുന്നു കെസിആറിനോടുള്ള തന്റെ മറുപടിയെന്നും മോദി പറഞ്ഞു. നിസാമാബാദിലെ പൊതുറാലിയിലാണ് മോദിയുടെ പരാമർശം ഉണ്ടായത്.
എൻഡിഎയുമായി കെസിആർ സഖ്യം ആഗ്രഹിച്ചിരുന്നു. ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് ശേഷം കെസിആർ തന്നെ വന്ന് കണ്ടിരുന്നു. ബിജെപി മികച്ച വിജയം നേടിയതിനെ തുടർന്നാണ് കെസിആർ തന്നെ വന്ന് കണ്ടത്. എൻഡിഎ സഖ്യത്തിനൊപ്പം ബിആർഎസ്സിനെയും ഉൾപ്പെടുത്തണമെന്ന് കെസിആർ തന്നോട് പറഞ്ഞുവെന്നും മോദി പറഞ്ഞു. ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി ബിആർഎസ്സിനെ പിന്തുണയ്ക്കണമെന്നും കെസിആർ തന്നോടാവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരിക്കലും ബിആർഎസ്സുമായി സഖ്യം ചേരില്ലെന്ന് താൻ കെസിആറിനോട് പറഞ്ഞു. അതിന് ശേഷമാണ് തന്നെ രൂക്ഷമായി കെസിആർ ആക്രമിക്കാൻ തുടങ്ങിയത്. മുമ്പ് തന്നെ വിമാനത്താവളത്തിൽ വന്ന് സ്വീകരിച്ചിരുന്ന കെസിആർ പിന്നെ വരാതായത് അതുകൊണ്ടാണ്. തെലങ്കാനയിലെ ജനങ്ങളാണ് ഇനി ആര് ഭരിക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും മോദി കൂട്ടിച്ചേർത്തു.