ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശനത്തിന് മറുപടിയുമായി തെലങ്കാന വ്യവസായവകുപ്പ് മന്ത്രിയും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകനുമായ കെ ടി രാമറാവു. എൻഡിഎയിൽ ചേരാൻ ഞങ്ങളെ പേപ്പട്ടി കടിച്ചിട്ടില്ലെന്നാണ് കെ ടി രാമറാവു പ്രതികരിച്ചത്. കെ ചന്ദ്രശേഖർ റാവുവിനെതിരായ മോദിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് കെ ടി രാമറാവുവിന്‍റെ മറുപടി.
മോദി പറയുന്നത് പച്ചക്കള്ളമാണ്. എല്ലാ പാർട്ടികളും എൻഡിഎ വിടുന്നതിലെ പരിഭ്രാന്തിയാണ് മോദിക്കെന്നും കെ ടി രാമറാവു പ്രതികരിച്ചു. മുഖ്യമന്ത്രിയെ മാറ്റാൻ ബിആർഎസ്സിന് മോദിയുടെ എൻഒസി വേണ്ടെന്ന് പറഞ്ഞ കെ ടി രാമറാവു, രാജ്യത്തെ ഏറ്റവും വലിയ നുണ ഫാക്ടറി നടത്തുന്നത് ബിജെപിയാണെന്നും കുറ്റപ്പെടുത്തി. മോദി സിനിമയ്ക്ക് കഥ എഴുതാൻ പോകണം, ഇങ്ങനെ കഥ പറഞ്ഞാൽ ഓസ്കർ വരെ കിട്ടുമെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപിയിൽ എന്താ കുടുംബഭരണം ഇല്ലേ എന്നും കെടിആർ ചോദിച്ചു.
കെടിആറിനെ മുഖ്യമന്ത്രിയാക്കാൻ സഹായിക്കണമെന്ന് കെ ചന്ദ്രശേഖർ റാവു തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നായിരുന്നു നരേന്ദ്രമോദിയുടെ പരാമര്‍ശം. മകൻ കെടിആറിനെ അനുഗ്രഹിക്കണമെന്നും മുഖ്യമന്ത്രിയാക്കാൻ സഹായിക്കണമെന്നുമായിരുന്നു കെസിആറിന്റെ അപേക്ഷ. എന്നാൽ രാജഭരണമല്ല ഈ നാട്ടിലെന്നായിരുന്നു കെസിആറിനോടുള്ള തന്റെ മറുപടിയെന്നും മോദി പറഞ്ഞു. നിസാമാബാദിലെ പൊതുറാലിയിലായിരുന്നു മോദിയുടെ പരാമർശം ഉണ്ടായത്. എൻഡിഎയുമായി കെസിആർ സഖ്യം ആഗ്രഹിച്ചിരുന്നുവെന്നും മോദി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഒരിക്കലും ബിആർഎസ്സുമായി സഖ്യം ചേരില്ലെന്ന് താൻ കെസിആറിനോട് പറഞ്ഞു. അതിന് ശേഷമാണ് തന്നെ രൂക്ഷമായി കെസിആർ ആക്രമിക്കാൻ തുടങ്ങിയതെന്നും മോദി പറഞ്ഞിരുന്നു.