മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനുള്ളില്‍ 12 നവജാതശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികള്‍ മരിച്ചു. നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. ജീവനക്കാരുടെയും മരുന്നിന്റെയും ദൗര്‍ലഭ്യം മൂലമാണ് രോഗികള്‍ക്ക് ജീവന് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. മതിയായ ചികിത്സ നല്‍കാനായില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയവരാണ് മരിച്ചത്. 6 ആണ്‍കുട്ടികളും 6 പെണ്‍കുട്ടികള്‍ക്കും ജീവന് നഷ്ടമായി. വിവിധ രോഗങ്ങളുമായെത്തിയ മറ്റ് 12 പേരുമാണ് മരിച്ചത്. നിര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.
70 മുതല്‍ 80 കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകള്‍ ആശ്രയിക്കുന്ന ആശുപത്രിയാണിതെന്ന് അധികൃതര്‍ പറഞ്ഞു. ദൂരെ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്. ചില ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്ന തോതിലായിരിക്കും. ആ ദിവസങ്ങള്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. മരുന്നുകള്‍ വിതരണം ചെയ്തതില്‍ വീഴ്ചയുണ്ടായെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.