തിരുവനന്തപുരം: ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ജീവിതം തള്ളിനീക്കിയ അമ്മയ്ക്കും മകനും തണലായി ബാലരാമപുരം ജനമൈത്രി പൊലീസ്. സംരക്ഷിക്കാൻ ആരോരുമില്ലാതെ അവശനിലയിൽ കഴിഞ്ഞ വെടിവെച്ചാൻകോവിൽ താന്നിവിള ചാത്തലംപാട്ട് കിഴക്കിൻകര പുത്തൻവീട്ടിൽ ശ്രീമതി (90), മകൻ ശ്രീകുമാർ (45) എന്നിവർക്കാണ് ജനമൈത്രി പൊലീസ് തണലായത്. ബാലരാമപുരം ഇൻസ്പെക്ടർ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ പുനരധിവാസ കേന്ദ്രത്തിലെത്തിച്ചു.
കഴിഞ്ഞ കുറെ മാസങ്ങളായി ഇരുവരും ബാലരാമപുരത്ത് ജംഗ്ഷന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആണ് കിടന്നിരുന്നത്.
മാനസിക വൈകല്യം നേരിടുന്ന ഇരുവരും നാട്ടുകാരും വ്യാപാരികളും നൽകുന്ന ഭക്ഷണം കഴിച്ചാണ് ജീവിതം തള്ളിനീക്കിയിരുന്നത്. മുൻപ് പല തവണ നാട്ടുകാരും വ്യാപാരികളും ഇടപെട്ട് ഇരുവരെയും മാറ്റാൻ ശ്രമിച്ചെങ്കിലും ഇവർ പോകാൻ തയ്യാറായില്ല.
വ്യാഴാഴ്ച രാവിലെ ബാലരാമപുരം ഇൻസ്പെക്ടർ വിജയകുമാറും സംഘവും സ്ഥലത്ത് എത്തി ശ്രീമതിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് പൊലീസ് ഇടപെട്ട് സിസിലിപുരത്തെ പുനർജനി പുനരധിവാസ കേന്ദ്രത്തിലേക്ക് ഇവരെ മാറ്റി. ചെയർമാൻ ഷാ സോമസുന്ദരവും ചീഫ് കോ ഓർഡിനേറ്റർ ബാലരാമപുരം പി അൽഫോൺസും ചേർന്നാണ് ഇരുവരെയും പുനർജനി സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചത്.